kovalam

കോവളം: കൊവിഡ് സ്ഥിരീകരിച്ച 10ാം ക്ലാസ് വിദ്യാർത്ഥിക്ക് പരീക്ഷയെഴുതാൻ കോവളം ജനമൈത്രി പൊലീസ് തുണയായി. കോവളം കമുകിൻകുഴി റോഡിൽ തോട്ടിൻകര വീട്ടിൽ സജീവന്റെ മകൾ അനാമികയാണ് പി.പി.ഇ കിറ്റ് ധരിച്ച് പരീക്ഷയെഴുതിയത്. ഇന്നലെ ഉച്ചയോടെയാണ് അനാമികയ്ക്കും സഹോദരൻ അദ്വൈതിനും കൊവിഡ് പോസിറ്റീവാണെന്ന് ആരോഗ്യ വകുപ്പിൽ നിന്നും അറിയിപ്പ് ലഭിച്ചത്.

മകൾ എങ്ങനെ പരീക്ഷയ്‌ക്ക് പോകുമെന്ന ആശങ്കയിൽനിന്ന വീട്ടുകാർ വിഴിഞ്ഞം സി.എച്ച്.സിയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാൽ സ്‌കൂളുമായി ബന്ധപ്പെടാനായിരുന്നു മറുപടി. തുടർന്ന് കോവളം വാർഡ് മെമ്പർ ബൈജു അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കോവളം പൊലീസ് എസ്.എച്ച്.ഒ രൂപേഷ് രാജിന്റെ നിർദ്ദേശത്തെ തുടർന്ന് ജനമൈത്രി പൊലീസിന്റെ ചാർജുള്ള എ.എസ്.ഐ ടി. ബിജു, ഷിബുനാഥ് എന്നിവരുടെ സഹായത്താൽ രാവിലെ തന്നെ പി.പി.ഇ കിറ്റ് വീട്ടിലെത്തിച്ചു.

വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാറിന്റെ സഹായത്തിൽ തലോടൽ എന്ന ആംബുലൻസിൽ വിദ്യാർത്ഥിയും രക്ഷിതാവും പി.പി.ഇ കിറ്റണിഞ്ഞ് വാഴമുട്ടം ഗവ. ഹൈസ്‌കൂളിലെത്തി. നേരത്തെ ലഭിച്ച വിവരത്തെ തുടർന്ന് സ്‌കൂൾ എച്ച്.എം ജോസ് പരീക്ഷയെഴുതാനുള്ള സൗകര്യമൊരുക്കിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും സഹായം നൽകുമെന്ന് പൊലീസ് വ്യക്തമാക്കി.