കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് മുന്നോടിയായി ഉത്സവത്തിന്റെ നാളുകൾ കുറിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ ഇന്ന് ഇക്കരെ കൊട്ടിയൂരിൽ നടക്കും. വൈശാഖ മഹോത്സവവുമായി ബന്ധപ്പെട്ട് കൊട്ടിയൂരിൽ നടക്കുന്ന ആദ്യ ചടങ്ങാണ് പ്രക്കൂഴം. ക്ഷേത്രസന്നിധിയിലെ കുത്തോട് മണ്ഡപത്തിലാണ് ഉത്സവനാളുകളും സമയക്രമങ്ങളും കുറിക്കുക. ക്ഷേത്ര അടിയന്തിരക്കാരായ ഊരാളന്മാർ, കണക്കപ്പിള്ള, സമുദായി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മഹോത്സവത്തിന്റെ നാളുകൾ കുറിക്കുന്നത്.
തണ്ണീർകുടി, നെല്ലളവ്, അവിൽ അളവ്, ആയില്യാർക്കാവിൽ ഗൂഢപൂജ എന്നിവയാണ് ഇന്നത്തെ പ്രധാന ചടങ്ങുകൾ. പ്രക്കൂഴത്തിന് വിളക്ക് തെളിയിക്കാനുള്ള പശുവിൻ നെയ്യ് മാലൂർപ്പടി ക്ഷേത്രത്തിൽ നിന്നും കുറ്റേരി നമ്പ്യാർ സ്ഥാനികനും, ചടങ്ങുകൾക്കുള്ള അവിൽ പാലാ നരസിംഹ ക്ഷേത്രത്തിൽ നിന്ന് മേൽശാന്തിയും എഴുന്നള്ളിച്ച് കൊണ്ടുവരും. അടിയന്തിരക്കാരായ ഒറ്റപ്പിലാൻ, പുറംകലകൻ, ജന്മാശാരി, പെരുവണ്ണാൻ തുടങ്ങിയവരാണ് തണ്ണീർകുടി ചടങ്ങുകൾ നടത്തുക. ഇന്ന് അർദ്ധരാത്രിയിൽ ആയില്യാർ ക്കാവിൽ ക്ഷേത്രം ജന്മശാന്തി പടിഞ്ഞീറ്റ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഗൂഢ പൂജയും നടക്കും.
വൈശാഖ മഹോത്സവത്തിന്റെ വരവറിയിച്ച് മണത്തണയിൽ ദൈവത്തെ കാണൽ ചടങ്ങ് നടന്നു. ഉത്സവത്തിന്റെ പ്രാരംഭ ചടങ്ങായ ദൈവത്തെ കാണൽ കൊട്ടിയൂരിന് പുറത്ത് മണത്തണ വാകയാട് പൊടിക്കളത്തിലാണ് ഇന്നലെ രാവിലെ നടന്നത്. ഒറ്റപ്പിലാൻ സ്ഥാനികനായ മനങ്ങാടൻ കേളപ്പൻ, സഹോദരൻ മനങ്ങാടൻ ചന്ദ്രൻ തുടങ്ങിയവർ ചടങ്ങിന് കാർമ്മികത്വം വഹിച്ചു. മണത്തണ പൊടിക്കളത്തിൽ എത്തിയ സ്ഥാനികർ ദേഹശുദ്ധി വരുത്തി പൊടിക്കളം വൃത്തിയാക്കി. തുടർന്ന് നാക്കിലയിൽ അവിലും പഴവും ശർക്കരയും തേങ്ങാപ്പൂളും നിവേദിച്ചു. ഗോത്രാരാധന രീതിയിലാണ് ചടങ്ങുകൾ നടന്നത്.
രാവിലെ 10 മണിയോടെ നടന്ന ചടങ്ങിന് കൊട്ടിയൂർ ക്ഷേത്ര പാരമ്പര്യ ട്രസ്റ്റിമാരായ ആക്കൽ ദാമോദരൻ നായർ, തിട്ടയിൽ നാരായണൻ നായർ, കൊട്ടിയൂർ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ നാരായണൻ എന്നിവർ നേതൃത്വം നൽകി. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടന്ന ചടങ്ങിന് ഏതാനും ഭക്തജനങ്ങൾ മാത്രമാണ് എത്തിയത്.