വിതുര: വിതുര പഞ്ചായത്തിൽ കൊവിഡ് മരണവും വ്യാപനവും രൂക്ഷമായി തുടരുന്നു. ഇന്നലെ ഒരു വീട്ടമ്മകൂടി കൊവിഡ് ബാധിച്ച് മരിച്ചു. ആനപ്പാറ ചിറ്റാർ സ്വദേശി ശകുന്തള (67) ആണ് മരിച്ചത്. മൂന്ന് ദിവസത്തിനിടയിൽ മൂന്ന് പേരാണ് പഞ്ചായത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത്. മണലി സ്വദേശി അനൂപ്, വിതുര സ്വദേശി ഷിബു എന്നിവരാണ് അടുത്തടുത്ത ദിവസങ്ങളിൽ മരിച്ച മറ്റ് രണ്ടുപേർ. ഒരാഴ്ച മുൻപ് ചാത്തൻകോട് ആദിവാസി ഉൗരിൽ ഒരു ആദിവാസിയും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ടെങ്കിലും കൊവിഡിനെ ഫലപ്രദമായി തടയാൻ കഴിഞ്ഞിട്ടില്ല. ദിനംപ്രതി രോഗികളുടെ എണ്ണം ഉയരുകയാണ്. വിതുര പഞ്ചായത്തിൽ ഇരുനൂറിൽ പരം പേരാണ് ചികിത്സയിൽ കഴിയുന്നത്. ഒരാഴ്ച കൊണ്ടാണ് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നത്.

17 വാർഡും കണ്ടെയ്ൻമെന്റ് സോൺ

കൊവിഡ് വ്യാപനവും മരണവും മുൻനിറുത്തി വിതുര പഞ്ചായത്തിലെ 17 വാ‌ർഡുകളെയും കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്നലെ സർവകക്ഷിയോഗം ചേർന്ന് കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി പ്രസിഡന്റ് വി.എസ്. ബാബുരാജ് അറിയിച്ചു.

ജനങ്ങൾ സഹകരിക്കണം

പൊൻമുടി, കല്ലാർ, മീൻമുട്ടി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും ധാരാളം പേർ വിതുര മേഖലയിലെ ടൂറിസം മേഖലകളിൽ എത്തുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവരെയും മാസ്ക് ധരിക്കാത്തവരെയും, കൂട്ടംകൂടുന്നവരെയും, ആവശ്യമില്ലാത്ത ജംഗ്ഷനുകളിൽ ഇറങ്ങുന്നവരെയും പിടികൂടി കനത്ത പിഴ ചുമത്തും.

വിപിൻ ഗോപിനാഥ്,

വിതുര സി.ഐ