mauro-morandi

32 വർഷത്തെ ഏകാന്തവാസത്തിന് ശേഷം തന്റെ ദ്വീപിനോട് വിടപറയുകയാണ് ഇറ്റലിയുടെ 'റോബിൻസൺ ക്രൂസോ" എന്നറിയപ്പെടുന്ന മൗറോ മൊറാന്റി. റോബിൻസൺ ക്രൂസോയുടെ കഥ മിക്കവർക്കും അറിയാവുന്നതാണ്. കപ്പൽ തകർന്ന് ഒരു ദ്വീപിലേക്ക് രക്ഷപ്പെട്ടെത്തുന്ന റോബിൻസൺ ക്രൂസോയുടെ കഥ പറയുന്ന ഈ നോവൽ ഇംഗ്ലീഷ് സാഹിത്യകാരനായ ഡാനിയൽ ഡീഫോയാണ് രചിച്ചത്. ഏകദേശം ഈ നോവൽ പോലെയാണ് മൗറോ മൊറാന്റിയുടെ ജീവിതവും.

കൊവിഡ് കാലത്ത് 81 കാരനായ മൗറോയുടെ അവിശ്വസനീയ ജീവിതം പലരും കേട്ടിരിക്കാം. കാരണം കൊവിഡ് മഹാമാരി എത്താതിരുന്ന ദ്വീപിലെ ഏക താമസക്കാരനായിരുന്നു അദ്ദേഹം.

1989ൽ മെഡിറ്ററേനിയൻ കടലിലൂടെ യാത്ര ചെയ്യുന്നതിനിടെ ബോട്ട് തകരാറിലായതോടെയാണ് ഇറ്റലിയിലെ സാർഡിനിയ തീരത്തിനടുത്തുള്ള ബുഡെല്ലി ദ്വീപിൽ മൊറോ അഭയം പ്രാപിച്ചത്.

ബുഡെല്ലി ദ്വീപിനൊരു പ്രത്യേകതയുണ്ട്. ഇവിടത്തെ കടൽത്തീരത്തെ മണൽത്തരികൾക്ക് പിങ്ക് നിറമാണ്. അന്ന് സ്വകാര്യ ഉടമസ്ഥതയിലായിരുന്ന ജനവാസമില്ലാത്ത ഈ ദ്വീപിന്റെ പരിപാലന ചുമതലയുണ്ടായിരുന്നയാളെ മൗറോ പരിചയപ്പെട്ടു. അയാളുടെ കാലാവധി കഴിയാറായി എന്നറിഞ്ഞതോടെ ആ ജോലി ഏറ്റെടുക്കാൻ മൗറോ മുന്നോട്ട് വരികയായിരുന്നു. അതോടെ ഒന്നാം ലോകമഹായുദ്ധകാലത്ത് സൈനികരുടെ ഒളിത്താവളങ്ങളിൽ ഒന്നായിരുന്ന ഈ ദ്വീപിന്റെ ഭാഗമായി മൊറോ മാറുകയായിരുന്നു. മൂന്ന് പതിറ്റാണ്ട് മൗറോ ഈ കൊച്ചു ദ്വീപിനെ ഭംഗിയായി നോക്കി. ബീച്ചുകളെല്ലാം വൃത്തിയോടെ സൂക്ഷിച്ചു. ദ്വീപ് കാണാനെത്തുന്നവരെ സ്വീകരിച്ചു.

എന്നാൽ, ഇപ്പോൾ തന്റെ ദൗത്യം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് മൗറോ. മൗറോയെ ചുമതലയിൽ നിന്ന് മാറ്റാനുള്ള നടപടികളിലാണ് അധികൃതർ. ബുഡെല്ലി ദ്വീപിനെ പരിസ്ഥിതി പഠനത്തിനുള്ള ഒരു ഹബ്ബായി മാറ്റാനാണ് അധികൃതരുടെ തീരുമാനം. 2016ലാണ് ദ്വീപ് സർക്കാർ ഏറ്റെടുത്തത്.

ദ്വീപിലെത്തുന്നതിന് മുമ്പ് അദ്ധ്യാപകനായിരുന്നു മൗറോ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ദ്വീപിൽ നിന്ന് ഒഴിയാൻ മൗറോയ്ക്ക് മേൽ സമ്മർദ്ദമുണ്ടായിരുന്നു. ആദ്യമൊക്കെ ഇതിനെ ശക്തമായി എതിർത്തെങ്കിലും ഒടുവിൽ തീരുമാനം അനുസരിക്കാൻ നിർബന്ധിതനാവുകയായിരുന്നു അദ്ദേഹം. ദ്വീപ് സർക്കാർ ഏറ്റെടുത്തിന് പിന്നാലെ സന്ദർശകർക്കായി വൈ ഫൈ സൗകര്യം സ്ഥാപിച്ചിരുന്നു. ഇതോടെ ദ്വീപിലെ മനോഹരമായ ബീച്ചുകളും സൂര്യാസ്തമയവുമുൾപ്പെടെയുള്ള ദൃശ്യങ്ങൾ മൊറോ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാൻ തുടങ്ങിയിരുന്നു. മൗറോയെ പറ്റി പുറംലോകം കൂടുതൽ അറിഞ്ഞത് അങ്ങനെയാണ്.

തന്നെ നീക്കാനുള്ള അധികൃതരുടെ തീരുമാനത്തിൽ മൗറോയ്ക്ക് വിഷമമുണ്ടെങ്കിലും അതുപോലെ അനുസരിക്കാനാണ് തീരുമാനം. സമീപ ദ്വീപായ മഡലീനയിൽ ഒരു ചെറിയ അപ്പാർട്ട്മെന്റിലേക്ക് താമസം മാറാനൊരുങ്ങുകയാണ് മൗറോ. അവിടെ നിന്ന് നോക്കുമ്പോൾ തനിക്ക് കടൽ കാണാനാകുമെന്ന സന്തോഷമാണ് മൗറോയ്ക്കിപ്പോൾ.