hip

കൊവിഡ് വ്യാപനം രൂക്ഷമായതോടെ നടുവേദനയുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. എന്നാൽ, നടുവേദനയെ ഒരു രോഗമായി കാണേണ്ടതില്ല. വയറുവേദന, പനി എന്നിവ പോലെ രോഗലക്ഷണം മാത്രമായി കണ്ടാൽ മതിയാകും. ഇത് നിരവധി രോഗങ്ങളുടെ ലക്ഷണമായി വരാം.

ദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ നടുവേദനയെ മൂന്നായി തിരിക്കാം. ആറ് ആഴ്ചയിൽ കുറവാണെങ്കിൽ അതിനെ അക്യൂട്ട് എന്നും ആറ് മുതൽ പന്ത്റണ്ട് ആഴ്ചയായി നടുവേദനയുള്ളതിനെ സബ് അക്യൂട്ട് എന്നും അതിൽ കൂടുതൽ നാളുകളായി നടുവേദനയുണ്ടെങ്കിൽ അതിനെ ക്രോണിക് എന്നും വിളിക്കുന്നു.

ചില പ്രത്യേക സാഹചര്യങ്ങളിൽ നടുവേദന വരികയാണെങ്കിൽ അത് ഗൗരവമായ രോഗത്തിന്റെ മുന്നറിയിപ്പായി കരുതേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇവയെ ഗുരതര ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ,​ ഭാഗ്യവശാൽ തൊണ്ണൂറു ശതമാനം രോഗികളും ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുന്നവരല്ല.

അതായത് ഭൂരിഭാഗം പേർക്കും പേശികളുടെ ബലക്കുറവ് കാരണമാണ് നടുവേദനയുണ്ടാകുന്നത്. നമ്മളെല്ലാവരും ജീവിതത്തിൽ എപ്പോഴെങ്കിലും നടുവേദന അനുഭവിച്ചവരാണ്. അതുപോലെ തന്നെ അത് ഏതാനും ദിവസങ്ങൾക്കകം ഭേദപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും മേല്പറഞ്ഞ ലക്ഷണങ്ങളോട് കൂടിയ നടുവേദനയ്ക്ക് വിശദമായ പരിശോധനയും വിലയിരുത്തലും ആവശ്യമാണ്.

രണ്ടുകാലിൽ നിൽക്കാനും നടക്കാനുമാകുന്ന മനുഷ്യന് പരിണാമപരമായ പല ഗുണങ്ങളുണ്ടെങ്കിലും, ഇതേ സവിശേഷത കാരണം ഇരിക്കുമ്പോഴും മുമ്പോട്ട് കുനിയുമ്പോഴും നടുവിന് സമ്മർദ്ദം കൂടിവരുന്നു. അതിനാൽ മനുഷ്യനിൽ കാമ്പ് പേശികൾ ബലപ്പെടുത്തുക എന്നത് നമ്മുടെ നാടുവിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്.

കാമ്പ് പേശികളിൽ ബലക്ഷയം വരുമ്പോൾ നടുവിലെ ഡിസ്‌ക്കിലും അതിനുപിന്നിലുള്ള സന്ധികളിലും അധിക സമ്മർദ്ദം വരുകയും അതിൽ തേയ്മാനം സംഭവിക്കുകയും ചെയ്യുന്നു. ഇതിലൂ‌ടെ കാലക്രമേണ ഡിസ്‌ക്കിൽ വിള്ളലുണ്ടാകുകയും അതിലെ ജെൽ മാതൃകയിലുള്ള പദാർത്ഥം പുറത്തേക്കു തള്ളി വരികയും അത് കാലുകളിലേക്കുള്ള ഞരമ്പുകളെ ഞെരുക്കുകയും അതിന്റെഫലമായി കാലിലേക്ക് പെരുപ്പും വേദനയും അനുഭവപ്പെടുകയ്യും ചെയ്യുന്നു.

ഇതിന്റെ ആദ്യ ഘട്ടങ്ങളിൽ കഠിനമായ വേദനയും നിവർന്നു നിൽക്കാനുള്ള ബുദ്ധിമുട്ടും അനുഭവപ്പെടുന്നു. ഇങ്ങനെയുള്ള കഷ്ടതകളുണ്ടെങ്കിൽ അത്യാവശ്യമായി വേണ്ടത് സമ്പൂർണ ബെഡ് റെസ്​റ്റ് ആണ്. അതായത് ഭക്ഷണം കഴിക്കാനോ പ്രാഥമിക കൃത്യങ്ങൾക്കോ അല്ലാതെ ബെഡിൽ നിന്ന് എഴുന്നേൽക്കരുത്. സാധാരണയായി മൂന്നു ദിവസത്തിനകം വേദനയ്ക്ക് ശമനമുണ്ടാകും. അതിനു ശേഷം ചെറിയ തോതിൽ വീടിന് ചു​റ്റും നടക്കാൻ തുടങ്ങാം. ക്രമേണ നടക്കുന്നതിന്റെ വേഗവും ദൈർഘ്യവും വർദ്ധിപ്പിക്കാവുന്നതാണ്. തുടർന്നു കാമ്പ് പേശികൾ ബലപ്പെടുത്തുന്നതിന് ആവശ്യമായ വ്യായാമം പരിശീലിക്കാം.

നേരത്തെ സൂചിപ്പിച്ച ഗുരുതരമായ ലക്ഷണമൊന്നുമില്ലെങ്കിൽ കാമ്പ് പേശികളുടെ വ്യായാമവും ഫിസിയോതെറാപ്പിയിയും മാത്രം കൊണ്ട് നടുവേദന മാറ്റാനാകും. വേദനാ സംഹാരികളും മസിൽ റിലാക്സന്റുകളും ഇതിന് ഒരു താത്കാലിക പരിഹാരം മാത്രമാണെന്ന് അറിയുക. ശാശ്വത ചികിത്സ ശരിയായ വ്യായാമമാണ്.

ഗുരുതര

നടുവേദനകൾ

 ആറ് ആഴ്ചയിൽ കൂടുതലായി അനുഭവപ്പെടുന്ന നടുവേദന.

 പതിനെട്ടു വയസിൽ താഴെയോ അമ്പത് വയസിന്

മുകളിലുള്ളവർക്കുള്ള നടുവേദന.

 നടുവിന് ഏൽക്കുന്ന ഗുരുതരമായ പരിക്കുകൾ, പ്രായമായവരിൽ ചെറിയ പരിക്കുകൾ പോലും.

 കാൻസർ രോഗികളിൽ അനുഭവപ്പെടുന്ന നടുവേദന.

 നടുവേദനയോടൊപ്പം പനി , കുളിര് , രാത്രിയിലെ അമിതമായ വിയർപ്പ് എന്നിവ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം.

 രാത്രിയിൽ മാത്രമുണ്ടാകുന്ന നടുവേദന

 കിടന്നാലും ശമനമില്ലാതെ നടുവേദന

 മലദ്വാരത്തിലെ മരവിപ്പ് , മലവും മൂത്രവും പോകാനുള്ള ബുദ്ധിമുട്ട്, കാലിലെ ബലക്കുറവ് എന്നിവ നടുവേദനയോടൊപ്പം അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടതാണ്.

ഡോ. അർജുൻ ആർ. പ്രസാദ്

ഓർത്തോപീഡിക് സർജൻ

എസ്.യു.ടി ആശുപത്രി, പട്ടം,​ തിരുവനന്തപുരം.