കൊവിഡ് വ്യാപനം മണിക്കൂർ വച്ച് കുതിച്ചു കയറുന്ന പശ്ചാത്തലത്തിൽ പ്രതിരോധ കുത്തിവയ്പിന് ജനങ്ങൾ തിക്കിത്തിരക്കുന്നത് സ്വാഭാവികമാണ്. വാക്സിൻ ലഭ്യത സംബന്ധിച്ച അഭ്യൂഹങ്ങളും സമയത്തു ലഭ്യമാകുമോ എന്ന ആശങ്കയും തിരക്ക് പതിന്മടങ്ങു വർദ്ധിക്കാൻ കാരണമാകുന്നു. വാക്സിനേഷൻ കേന്ദ്രങ്ങളുടെ നടത്തിപ്പാകട്ടെ ഒട്ടുംതന്നെ ജനസൗഹൃദമെന്നു പറയാനുമാകുന്നില്ല. ഇതിനിടയിലാണ് രജിസ്ട്രേഷനിൽ തിരിമറികളും ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ അനധികൃത ഇടപെടലുകളും നടക്കുന്നതായുള്ള ആരോപണം. അങ്ങേയറ്റം ഗൗരവത്തോടെ കാണേണ്ട ആരോപണമാണിത്. സ്പോട്ട് രജിസ്ട്രേഷൻ പൂർണമായും നിറുത്തലാക്കുകയും ഓൺലൈൻ വഴി മാത്രമാക്കുകയും ചെയ്തതോടെ രജിസ്ട്രേഷൻ നടപടികൾ അങ്ങേയറ്റം സുതാര്യവും കൃത്യതയുമാകേണ്ടതാണ്. അതിലും തട്ടിപ്പുകൾ കടന്നുകൂടുന്നുണ്ടെന്ന ആക്ഷേപം പരിശോധിച്ച് നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം.
പതിനെട്ട് മുതൽ നാല്‌പത്തിനാലു വരെയുള്ളവരുടെ വാക്സിനേഷനുള്ള രജിസ്ട്രേഷൻ നടപടികൾ ഇന്നലെ വൈകിട്ട് ആരംഭിച്ചിരിക്കുകയാണ്. മേയ് ഒന്നുമുതൽ ഈ വിഭാഗക്കാർക്ക് കുത്തിവയ്പ് തുടങ്ങും. സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ചാവും ഇവരുടെ വാക്സിനേഷൻ എന്നാണ് വിവരം. ഇതിന് ഉയർന്ന വിലയും നൽകേണ്ടിവരും. എന്നാൽ വാക്സിന്റെ ലഭ്യത സംബന്ധിച്ച അനിശ്ചിതത്വം നിലനില്‌ക്കുകയാണ്. അതിവിപുലമായ തോതിൽ കുത്തിവയ്പു നടത്തണമെങ്കിൽ അതിന് അനുയോജ്യമായ സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കേണ്ടതുണ്ട്. നിലവിൽ നാല്പത്തഞ്ചിനു മുകളിലുള്ള വിഭാഗക്കാരിലും നല്ലൊരു ഭാഗം കുത്തിവയ്പിനായി കാത്തിരിപ്പുണ്ട്. സർക്കാർ കേന്ദ്രങ്ങളിൽ ആവശ്യത്തിനു വാക്സിൻ എത്താത്തതിനാൽ പല സ്ഥലത്തും ക്രമസമാധാന പ്രശ്നത്തിനു വരെ ഇടയാകുന്നുണ്ട്. പൊലീസ് ഇടപെടലിലൂടെയാണ് ഒരുവിധം ക്രമമായി കുത്തിവയ്പ് കേന്ദ്രങ്ങൾ ഇപ്പോൾ പ്രവർത്തിച്ചുവരുന്നത്. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട സമയത്തു കുത്തിവയ്പ് നടത്തുമെന്ന് ഉറപ്പുണ്ടായാൽ ആളുകൾ കൊച്ചുവെളുപ്പാൻ കാലത്തേ കുത്തിവയ്പു കേന്ദ്രങ്ങളിൽ വന്ന് ഊഴം കാത്തിരിക്കേണ്ടിവരില്ല. ഇപ്പോൾ ആ ഉറപ്പില്ലാത്തതുകൊണ്ടു മാത്രമാണ് ആളുകൾ തിക്കിത്തിരക്കുന്നത്. ദിവസങ്ങൾ ഏറെ കഴിഞ്ഞിട്ടും കുത്തിവയ്പു കേന്ദ്രങ്ങളുടെ പ്രവർത്തനം ചിട്ടപ്പെടുത്താൻ കഴിയാത്തത് ഔദ്യോഗിക സംവിധാനങ്ങളുടെ വലിയ പരാജയം തന്നെയാണ്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഉദ്യോഗസ്ഥരിൽ പകുതിപ്പേർ വീട്ടിലിരുന്നാൽ മതിയെന്നാണ് ഉത്തരവ്. ഇവരിൽ കുറെപ്പേരുടെ സേവനം കുത്തിവയ്പു കേന്ദ്രങ്ങളിൽ പ്രയോജനപ്പെടുത്താനായാൽ അവയ്ക്ക് കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിക്കാനാകും. സകലവിധ കൂടിച്ചേരലുകൾക്കും കർശനമായ വിലക്കുള്ളപ്പോഴാണ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഒരുവിധ നിയന്ത്രണവുമില്ലാതെ ജനങ്ങൾ തിങ്ങിനിറയുന്നത്. ഇതൊക്കെ കണ്ടിട്ടും ചുമതലപ്പെട്ടവർ കണ്ണടച്ചിരിക്കുകയാണ്.
ഒരേ വാക്സിന് ഉത്‌പാദകർ പല വില ഈടാക്കുന്നു. ഇതിനെതിരെ പരമോന്നത കോടതി വരെ രംഗത്തുവന്നിരിക്കുകയാണ്. ഈ പ്രശ്നത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടും കോടതി ആരാഞ്ഞിട്ടുണ്ട്. വാക്സിൻ കമ്പനികൾ പല വില നിശ്ചയിച്ചതിലെ യുക്തിരാഹിത്യവും ചോദ്യം ചെയ്തിട്ടുണ്ട്. ജനതാത്പര്യം സംരക്ഷിക്കാനുള്ള ബാദ്ധ്യത ഭരണകൂടത്തിനുള്ളപ്പോൾ സർക്കാർ കൈയും കെട്ടി നോക്കി നില്‌ക്കരുതെന്നാണ് സുപ്രീംകോടതി ഓർമ്മിപ്പിച്ചത്. കേന്ദ്രം ശക്തമായി ഇടപെടുക തന്നെ വേണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അതുപോലെ മേയ് ഒന്നു മുതൽ കൂടുതൽ വിഭാഗങ്ങളെ കുത്തിവയ്പു പരിപാടിയിൽ ഉൾപ്പെടുത്താനിരിക്കെ വാക്സിൻ ലഭ്യത എങ്ങനെ ഉറപ്പാക്കുമെന്നു വ്യക്തമാക്കണമെന്നും കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കോടതി ഇടപെടലിന്റെ ഫലമായി വാക്സിന്റെ കാര്യത്തിൽ ജനോപകാരപ്രദമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.