ultra-white

വെളുത്തതിൽ ഏറ്റവും വെളുത്ത 'അൾട്രാ വൈറ്റ് ' പെയിന്റ് നിർമ്മിച്ച് ശാസ്ത്രജ്ഞർ. സംഗതി നിസാരമല്ല. ഒരു കെട്ടിടത്തിന്റെ അകവശത്തെ ചൂട് ഗണ്യമായി കുറച്ച് ഒരു എയർ കണ്ടീഷനർ പോലെ പ്രവർത്തിക്കുമെന്നതാണ് ഈ പെയിന്റിന്റെ സവിശേഷത. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള സുപ്രധാനമായ കണ്ടെത്തലായാണ് ഈ പെയിന്റിനെ ശാസ്ത്രലോകം കാണുന്നത്. ഇന്ത്യാനയിലെ പർഡ്യൂ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ പെയിന്റിന് പിന്നിൽ. കോസ്മെറ്റിക് ഉത്പന്നങ്ങളിലും അൾട്രാ വയലറ്റ് പേപ്പർ ഉത്പന്നങ്ങളിലും ഉപയോഗിക്കുന്ന ബേരിയം സൾഫേറ്റാണ് ഈ പെയിന്റിലെ പ്രധാന ഘടകം.

സൂര്യപ്രകാശത്തെ വളരെ കൂടുതൽ പ്രതിഫലിപ്പിക്കുന്ന ബേരിയം സൾഫേറ്റ് പ്രകാശ കണികകളെ ആഗിരണം ചെയ്യുന്നതിന് പകരം ചിതറി തെറിപ്പിക്കുന്നു. കൂടാതെ ബേരിയം സൾഫേറ്റ് കണികകൾക്ക് വ്യത്യസ്ത വലിപ്പമായതിനാൽ ചുറ്റുമുള്ള പ്രതലങ്ങളിൽ പ്രകാശത്തെ അകറ്റി തണുപ്പിക്കുകയും ചെയ്യുന്നു.

അൾട്രാ വൈറ്റ് പെയിന്റ് 98.1 ശതമാനം സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു. ഏകദേശം 1,000 ചതുരശ്രഅടി വിസ്തൃതിയുള്ള മേൽക്കൂരയിൽ ഈ പെയിന്റ് ഉപയോഗിച്ചാൽ 10 കിലോവാട്ട് കൂളിംഗ് പവർ ലഭിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. വീടുകളിൽ ഉപയോഗിക്കുന്ന സെൻട്രൽ എയർ കണ്ടീഷനറുകളെക്കാൾ ശക്തമാണിത്. സാധാരണ പെയിന്റുകൾ എങ്ങനെയാണോ അത് പോലെ തന്നെയാണ് അൾട്രാ വൈറ്റ് പെയിന്റും ഉപയോഗിക്കുന്നത്.


നിലവിൽ ലഭ്യമായ വെള്ള പെയിന്റുകൾ 80 മുതൽ 90 ശതമാനം വരെ സൂര്യപ്രകാശത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അൾട്രാ വൈറ്റ് പെയിന്റ് വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് ഗവേഷകരിപ്പോൾ.