പാലോട്: പൊലീസ് ബെെക്ക് പരിശോധിച്ചതിൽ പ്രതിഷേധിച്ച് ആഡംബര ബൈക്കിൽ നടുറോഡിൽ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ പാലോട് പൊലീസ് അറസ്റ്റുചെയ്‌തു. പെരിങ്ങമ്മല കരിമൺകോട് മുളമൂട്ടിൽ വീട്ടിൽ വിഷ്ണുവിനെയാണ് (19) പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
രണ്ടാഴ്ച മുമ്പ് ഇയാൾ ഓടിച്ചിരുന്ന ആഡംബര ബൈക്ക് പൊലീസ് പരിശോധിക്കുകയും താക്കീത് നൽകി വിട്ടയയ്ക്കുകയും ചെയ്‌തിരുന്നു. എന്നാൽ പരിശോധനയിൽ പ്രതിഷേധിച്ച് ഇയാളും കൂട്ടുകാരും ചേർന്ന് പാലോട് ബ്രൈമൂർ റോഡിൽ ഇടവം ഭാഗത്തുവച്ച് ബൈക്കിലെ അഭ്യാസപ്രകടനങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും പൊലീസിന്റെ വാഹന പരിശോധനയുടെ വീഡിയോയും ചേർത്ത് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ പാലോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെയും വാഹനത്തെയും കസ്റ്റഡിയിലെടുത്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
ആഡംബര ബൈക്കും വീഡിയോ ചിത്രീകരിക്കുന്നതിന് ഉപയോഗിച്ച ഫോണും കോടതിയിൽ ഹാജരാക്കി. ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന് നിർദ്ദേശം നൽകി. ഫോണിൽ വീഡിയോ ചിത്രീകരിച്ചയാളിനെയും ഒപ്പമുണ്ടായിരുന്നവരെക്കുറിച്ചും അന്വേഷണം നടത്തുകയാണെന്ന് സി.ഐ സി.കെ. മനോജ് അറിയിച്ചു.