നെയ്യാറ്റിൻകര: വഴിവക്കിൽ നിന്ന് കളഞ്ഞുകിട്ടിയ 50000 രൂപ ഉടമയെ ഏൽപ്പിച്ച് മാതൃകയായ ബിനുകുമാറിന് സ്കൂൾ കൂട്ടായ്മയുടെ ആദരം. ഒരാഴ്ചയ്ക്ക് മുമ്പാണ് മാരായമുട്ടം തൂയൂരിൽ വച്ച് ബിനുകുമാറിന് രൂപ അടങ്ങിയ പൊതി കളഞ്ഞുകിട്ടുന്നത്. ആരുടെ രൂപയെന്നറിയാതെ കുഴങ്ങുന്നതിനിടയിൽ ഫെയ്സ്ബുക്കിൽ നൽകിയ കുറിപ്പാണ് പണത്തിന്റെ ഉടമയെ കണ്ടെത്താൻ സഹായിച്ചത്. പശു വാങ്ങാൻ പലിശയ്ക്ക് പണം കടം വാങ്ങിയ ആലത്തൂർ സ്വദേശി ജയചന്ദ്രന്റെ തുകയാണ് നഷ്ടപ്പെട്ടത്. ജയചന്ദ്രന്റെ വീട്ടിലെത്തി ബിനുകുമാർ തുക കൈമാറുകയായിരുന്നു. മാരായമുട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മ തണലാണ് ബിനുകുമാറിനെ ആദരിക്കാൻ വീട്ടിലെത്തിയത്. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തംഗം ഐ.ആർ. സുനിത ഉപഹാരം നൽകി. അമ്പലത്തറ ശ്രീകാന്ത്, പ്രകാശ് കാക്കണം, പ്രദീപ് മരുതത്തൂർ,സുജു എന്നിവർ പങ്കെടുത്തു.