അഞ്ചുതെങ്ങ്: കടയ്‌ക്കാവൂർ, വക്കം, അഞ്ചുതെങ്ങ് തീരദേശമേഖലകളിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഗ്രാമ പഞ്ചായത്തുകളും ആരോഗ്യവകുപ്പും പൊലീസും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. 144 പ്രഖ്യാപിച്ച വക്കം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും രാവിലെ മുതൽ പൊലീസ് പട്രോളിംഗ് ആരംഭിച്ചു. പ്രവേശന അതിർത്തിയായ പണയിൽക്കടവിലും, നിലയ്‌ക്കാമുക്കിലും പരിശോധനയുണ്ട്. അവശ്യ സർവീസുകൾക്കും ജോലിക്ക് പോകുന്നവർക്കും മാത്രമാണ് പുറത്തേക്ക് പോകാൻ അനുമതിയുള്ളത്. കൂട്ടംകൂടി നിന്നതിനും മാസ്‌ക് ധരിക്കാത്തതിനും അനാവശ്യമായി വാഹനങ്ങളിൽ കറങ്ങിനടന്നതിനും 30 പേർക്ക് പൊലീസ് പിഴ ചുമത്തി.
കടയ്‌ക്കാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്നലെ നാലുപേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 118 ആയി. അഞ്ചുതെങ്ങിൽ ഇന്നലെ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 27 ആയി. വക്കം ഗ്രാമപഞ്ചായത്തിൽ ഇന്നലെ അഞ്ചുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിൽ ആകെ 110 പേരാണ് കൊവിഡ് ബാധിതർ. വക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലും നെടുങ്ങണ്ട എൽ.പി സ്‌കൂളിലും സി.എഫ്.എൽ.ടി.സിക്കുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്ന് താലൂക്ക് ആരോഗ്യ വിഭാഗം മേധാവി ഡോ. രാമകൃഷ്ണ ബാബു പറഞ്ഞു. മൂന്ന് പഞ്ചായത്തുകളിലും ഇന്നലെ വാക്‌സിനേഷൻ നടന്നിട്ടില്ല. ഇന്ന് വക്കം റൂറൽ ഹെൽത്ത് സെന്ററിൽ വാക്‌സിനേഷൻ നടക്കുമെന്ന് അധികൃതർ അറിയിച്ചു.