teepidichu

വക്കം: വക്കം വെളിവിളാകത്ത് വീടിന്റെ ചായ്പ് തീപ്പിടിച്ച് പൂർണമായും കത്തി നശിച്ചു. വക്കം വെളിവിളാകം രോഹിണിനിവാസിൽ വസന്തയുടെ വീടിന്റെ ചായ്പാണ് കത്തിനശിച്ചത്. ഇന്നലെ ഉച്ചയ്ക്ക്12.30 നായിരുന്നു സംഭവം. ശക്തമായ പുക വന്നതിനെ തുടർന്ന് വീട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ് ചായ്പ്പിൽ തീ പടരുന്നത് കണ്ടത്. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ചെയ്തു.

തകരഷീറ്റു കൊണ്ട് നിർമ്മിച്ച ചായ്പ്പിലെ ഗാർഹിക ഉപകരണങ്ങൾ, ഇലക്ടോണിക് സാധനങ്ങൾ ഉൾപ്പടെയുള്ളവ പൂർണമായും കത്തി നശിച്ചു. ചായ്പ്പിന് സമീപത്തെ കോഴിക്കൂട്ടിൽ ഉണ്ടായിരുന്ന ഇരുപത്തഞ്ചോളം കോഴികളെ നാട്ടുകാർ തുറന്നു വിട്ടു. കടയ്ക്കാവൂർ പൊലീസ് സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനുള്ള കാരണം എന്നാണ് പ്രഥമിക നിഗമനം. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സമയോചിതമായ ഇടപെടലാണ് സമീപത്തുള്ള വീടുകളിലേക്ക് തീ പടരാതെ തടയാൻ കഴിഞ്ഞത്.