
വെള്ളറട: നിരോധനാജ്ഞ നിലനിൽക്കുന്ന പ്രദേശങ്ങളിൽ പോലും നിയന്ത്രണങ്ങൾ പാലിക്കപ്പെടാതെ ജനം തടിച്ചുകൂടുന്നു. അഞ്ചുപേരിൽ കൂടുതൽ കൂട്ടം കൂടരുതെന്ന് അറിയിപ്പുണ്ടെങ്കിലും പൊതുസ്ഥലങ്ങളിലെ ജനക്കൂട്ടത്തിന് മാറ്രമില്ല. കൊവിഡ് വ്യാപനം വ്യാപകമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതൊന്നും ആരും വകവയ്ക്കുന്നില്ല. ദിവസവും നടക്കുന്ന ടെസ്റ്റുകളിൽ കൊവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. കഴിഞ്ഞദിവസം വെള്ളറടയിൽ 60 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ 28 പേർക്ക് കൊവിഡ് പോസിറ്റീവായിരുന്നു. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് നിരോധനാജ്ഞ ജില്ലാ കളക്ടർ പ്രഖ്യാപിച്ചത്. വെള്ളറട, അമ്പൂരി, കുന്നത്തുകാൽ, ആര്യങ്കോട്, പെരുങ്കടവിള, കൊല്ലയിൽ പഞ്ചായത്തുകളിൽ വിലക്ക് നിലവിലുണ്ട്. നിരവധി പേർ തടിച്ചുകൂടുന്ന ഇവിടങ്ങളിലെ ചന്തകൾ യാതൊരു നിയന്ത്രണവുമില്ലാതെ പ്രവർത്തിക്കുകയാണ്. ഇത് നിയന്ത്രിക്കേണ്ട ആരോഗ്യ വകുപ്പും പൊലീസും ഇത് കാണുന്നില്ല. ഈ നില തുടർന്നാൽ വരും ദിവസങ്ങളിലും രോഗികളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാകാനാണ് സാധ്യത.