നെടുമങ്ങാട്: നിരോധനാജ്ഞ നിലനിൽക്കുന്ന നെടുമങ്ങാട്ട് അതിതീവ്ര വ്യാപനത്തിന് അയവില്ല. നഗരത്തിൽ മാത്രം പോസിറ്റീവ് കേസുകൾ 2,276 ആയി ഉയർന്നു. 30 പേരുടെ മരണം ഇതിനകം റിപ്പോർട്ട് ചെയ്തു. നിലവിൽ 398 പേർ നഗരസഭാപരിധിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. താലൂക്കിലെ മലയോര പ്രദേശങ്ങളിൽ ഇന്നലെ ആരോഗ്യവിഭാഗം നടത്തിയ റാപ്പിഡ് - ആർ.ടി.പി.സി.ആർ പരിശോധനകളിൽ 276 പേർ പോസിറ്റീവാണ്. വിവിധ കേന്ദ്രങ്ങളിലായി ആയിരത്തോളം പേരിലാണ് പരിശോധന നടത്തിയത്. ജില്ലാ ആശുപത്രി -65, വെള്ളനാട് സി.എച്ച്.സി -31, വിതുര താലൂക്കാശുപത്രി - 28, മലയടി തൊളിക്കോട് പി.എച്ച്.സി - 21, പാലോട് സി.എച്ച്.സി - 13, ആനാട് പി.എച്ച്.സി - 13, അരുവിക്കര പി.എച്ച്.സി - 20, പനവൂർ പി.എച്ച്.സി - 6, വെമ്പായം പി.എച്ച്.സി - 17, ആനാകുടി പി.എച്ച്.സി - 11, കന്യാകുളങ്ങര - സി.എച്ച്.സി - 15, ആര്യനാട് പി.എച്ച്.സി - 25, കല്ലറ പി.എച്ച്.സി - 6, ഭരതന്നൂർ പി.എച്ച്.സി - 2, വാമനപുരം ബി.പി.എച്ച്.സി - 3 എന്നിങ്ങനെയാണ് കണക്ക്. അരുവിക്കര, വെള്ളനാട്, വിതുര, തൊളിക്കോട്, കന്യാകുളങ്ങര, ആര്യനാട് പ്രദേശങ്ങളിൽ താമസിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
സ്രവപരിശോധനാ കേന്ദ്രങ്ങൾ
നെടുമങ്ങാട് താലൂക്കിൽ ഇന്ന് (വ്യാഴം) സ്രവപരിശോധന നടക്കുന്ന കേന്ദ്രങ്ങൾ ചുവടെ. നഗരസഭയിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പൂവത്തൂർ യു.പി.എച്ച്.സിയിലും മാത്രമേ പരിശോധനയുള്ളു. ആനാട് പി.എച്ച്.സി, അരുവിക്കര പി.എച്ച്.സി, ഭരതന്നൂർ പി.എച്ച്.സി, കല്ലറ സി.എച്ച്.സി, പെരിങ്ങമ്മല പി.എച്ച്.സി, തൊളിക്കോട് പി.എച്ച്.സി, ഉഴമലയ്ക്കൽ പി.എച്ച്.സി, വെള്ളനാട് സി.എച്ച്.സി, വെമ്പായം പി.എച്ച്.സി, ആനാകുടി പി.എച്ച്.സി, അണ്ടൂർക്കോണം പി.എച്ച്.സി, ആര്യനാട് പി.എച്ച്.സി, കന്യാകുളങ്ങര പി.എച്ച്.സി, കരകുളം പി.എച്ച്.സി, മലയടി പി.എച്ച്.സി, മാണിക്കൽ പി.എച്ച്.സി, പാലോട് സി.എച്ച്.സി, വിതുര താലൂക്കാശുപത്രി, പനവൂർ പി.എച്ച്.സി, പുല്ലമ്പാറ പി.എച്ച്.സി, വാമനപുരം പി.എച്ച്.സി.
മേൽനോട്ടത്തിന് അഞ്ചംഗ വിദഗ്ദ്ധ സംഘം
നഗരസഭയുടെ കീഴിലുള്ള ഫസ്റ്റ് ലൈൻ, സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അഞ്ച് ഡോക്ടർമാരും ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരും അടങ്ങുന്ന സ്പെഷ്യൽ മെഡിക്കൽ ടീം ചുമതലയേറ്റു. വട്ടപ്പാറ എസ്.യു.ടി മെഡിക്കൽ കോളേജാണ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ. ഇവിടെ ഇന്നലെ ഏഴു പേരെ പ്രവേശിപ്പിച്ചു. 20 സ്ത്രീകൾക്കും 15 പുരുഷന്മാർക്കുമാണ് കിടക്ക ഒരുക്കിയിട്ടുള്ളത്. ഇവർക്ക് ഭക്ഷണവും മരുന്നും പ്രാഥമികാവശ്യങ്ങൾക്കുള്ള സാമഗ്രികളും ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നഗരസഭയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഫസ്റ്റ് ലെവൽ സെന്ററായ വാളിക്കോട് റിംസ് ആശുപത്രിയിൽ ചികിത്സയിലിരുന്ന 78 പേരിൽ 13 പേരെ ഡിസ്ചാർജ്ജ് ചെയ്തതായി അധികൃതർ അറിയിച്ചു. 80 കിടക്കയാണ് ഇവിടെയുള്ളത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 6 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. 6 പേർക്ക് കൂടി സൗകര്യം ഒരുക്കിയിട്ടുണ്ട്. ജില്ലാ ആശുപത്രിയിൽ ആന്റിജൻ കിറ്റിന്റെ കുറവ് നിമിത്തം റാപ്പിഡ് ടെസ്റ്റ് തുടരാൻ കഴിയാത്ത അവസ്ഥയാണെന്ന് പരാതിയുണ്ട്. നഗരസഭാ പരിധിയിലെ ചികിത്സാ കേന്ദ്രങ്ങളുടെ നോഡൽ ഓഫീസർ ഡോ.വിനയചന്ദ്രനാണ്.
ക്രമീകരണങ്ങൾ വിലയിരുത്തി നഗരസഭ
നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ സി.എസ്.ശ്രീജയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും പശ്ചാത്തല ക്രമീകരണവും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്താൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ സന്ദർശനം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ പി.ഹരികേശൻ നായർ, എസ്.അജിതകുമാരി, മുനിസിപ്പൽ സെക്രട്ടറി എസ്.ഷെറി, മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.എസ് ബിജു, വാർഡ് കൗൺസിലർ അഖിൽ, നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ ബാബുരാജ്, ഹെൽത്ത് ഇൻസ്പെക്ടർ കിരൺ, ബിജു തുടങ്ങിയവർ പങ്കെടുത്തു.
ലൈസൻസ് റദ്ദാക്കും
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി പ്രോട്ടോക്കോൾ ലംഘനത്തിന് കടകളുടെ ലൈസൻസ് റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നോട്ടീസ് വിതരണം ചെയ്തതായി നഗരസഭ ചെയർപേഴ്‌സൺ സി.എസ്.ശ്രീജയും പൊതുസ്ഥലങ്ങളിൽ അഞ്ചുപേരിൽ കൂടുതൽ ഒത്തുകൂടിയാൽ കേസ് എടുക്കുമെന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ്‌കുമാറും മുന്നറിയിപ്പ് നൽകി.