പതിനായിരങ്ങൾ പങ്കെടുത്തു

തിരുവനന്തപുരം:കേന്ദ്രത്തിന്റെ ജനവിരുദ്ധ വാക്സിൻ നയത്തിനെതിരെ വീട്ടുമുറ്റങ്ങൾ കേന്ദ്രമാക്കി എൽ.ഡി.എഫ് സംഘടിപ്പിച്ച ഗൃഹാങ്കണ സമരത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു.സംസ്ഥാന വ്യാപകമായി വീട്ടു മുറ്റങ്ങളിലും പാർട്ടി ഓഫീസുകൾ, സാസ്കാരിക കേന്ദ്രങ്ങൾ, വായനശാലകൾ അടക്കമുള്ള സ്ഥാപനങ്ങളുടെ മുറ്റങ്ങളിലുമായിരുന്നു സമരം .

കൊവിഡ് ദുരിതത്തിൽ ഉഴലുന്ന ജനങ്ങളുടെ മേൽ വാക്സിൻ ചെലവ് കൂടി അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരായ പ്രതിഷേധമാണ് പ്രകടമായത്. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് വൈകിട്ട് 5.30 മുതൽ ആറു വരെ നടന്ന പ്രതിഷേധത്തിൽ വീടുകൾക്കു മുന്നിൽ കുടുംബാംഗങ്ങൾ അണിനിരന്നു. വാക്സിൻ വിതരണം സാർവത്രികവും സൗജന്യവുമാക്കുക, സംസ്ഥാനങ്ങളെ കൂടുതൽ അപകടത്തിലാക്കുന്ന കേന്ദ്ര നയം തിരുത്തുക, സൗജന്യ വാക്സിന് പി.എം കെയർ ഫണ്ട് ഉപയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്ലക്കാർഡുകളും പോസ്റ്ററുകളും ഉയർത്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയുമായിരുന്നു പ്രതിഷേധം . സൗജന്യ വാക്സിൻ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച എൽ.ഡി.എഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ചും പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. നിരവധി പേർ പ്രതിഷേധം സാമൂഹ്യ മാദ്ധ്യമങ്ങളിലും തത്സമയം പങ്കുവച്ചു.
എ.കെ. ജി സെന്ററിൽ പോളിറ്റ് ബ്യൂറോ അംഗം എസ് .രാമചന്ദ്രൻപിള്ള, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, കെ .എൻ .ബാലഗോപാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സി.പി.ഐ ആസ്ഥാന മന്ദിരമായ എം .എൻ. സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കേന്ദ്ര സെക്രട്ടറിയറ്റംഗം പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു എന്നിവർ പങ്കെടുത്തു.