പാറശാല: കൊവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തിൽ മദ്യവില്പന ശാലകൾ അടച്ചതിനെ തുടർന്ന് തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള മദ്യ കടത്ത് വ്യാപകമായി. അതിർത്തി മേഖലകളായ കന്നുമാമൂട്, പളുകൽ, കോഴിവിള, ഊരമ്പ്, കൊല്ലങ്കോട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന തമിഴ്‌നാടിന്റെ മദ്യവില്പന കേന്ദ്രങ്ങളിൽ നിന്നും വാങ്ങിയ മദ്യമാണ് കേരളത്തിലേക്ക് കടത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, വർക്കല, ചിറയിൻകീഴ്, നെടുമങ്ങാട്, കിളിമാനൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് വരെ ഓട്ടോയിലും കാറിലും ബൈക്കിലും എത്തി വൻ തോതിൽ മദ്യശേഖരവുമായി മടങ്ങുന്നവരുമുണ്ട്.

ഇരട്ടി വിലക്ക് വില്ക്കാമെന്ന ലക്ഷ്യത്തോടെ തമിഴ്‌നാട്ടിലെ മദ്യ വില്പന ശാലകളിൽ നിന്നും ഏജന്റുമാരുടെ സഹായത്തോടെ അധിക വില നല്കിയാണ് ഇക്കൂട്ടർ മദ്യം വാങ്ങി കേരളത്തിലേക്ക് കടത്തുന്നത്. അമരവിള എക്സൈസ് ചെക്പോസ്റ്റിൽ നടന്ന് വരുന്ന വാഹന പരിശോധനകളെ ബൈക്കിലെത്തുന്ന പലരും വെട്ടിച്ച് കടക്കാറുണ്ടെങ്കിലും മദ്യവുമായി എത്തിയ മൂന്ന് ബൈക്കുകളും ഇവയിലെ യാത്രക്കാരായ അഞ്ച് പേരും പിടിയിലായിട്ടുണ്ട്. ഇവരുടെ ബൈക്കുകളിൽ നിന്നും 180 മില്ലി ലിറ്റർ വീതമുള്ള 94 കുപ്പി വിദേശ മദ്യം എക്സൈസ് പിടിച്ചെടുത്തു. എക്സൈസിനെ കണ്ടിട്ട് ഉപേക്ഷിച്ച ശേഷം കടന്ന് കളഞ്ഞതിനെ തുടന്ന് അമരവിള ഇന്ദിരാനഗറിലെ ശ്രീധർമ്മ ശാസ്താക്ഷേത്രത്തിന് സമീപത്ത് നിന്നും 180 മില്ലി ലിറ്റർ വീതം ഉൾക്കൊള്ളുന്ന 10 കുപ്പി വിദേശ മദ്യവും കുന്നത്തുകാൽ മദ്യ വില്പന ശാലയിൽ നിന്നും വാങ്ങി നടന്ന് വരികയായിരുന്ന ഒരാളുടെ പകൽ നിന്നും 180 മില്ലി ലിറ്റർ വീതം ഉൾക്കൊള്ളുന്ന 20 കുപ്പി വിദേശ മദ്യവും അമരവിള എക്സൈസ് റേഞ്ച് അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. കൊവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി അറസ്റ്റ് ഒഴിവാക്കണം എന്ന കോടതി നിർദേശത്തെ തുടർന്ന് പ്രതികളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്ത് നിയമ നടപടികൾ തുടരുന്നതാണ്.