തിരുവനന്തപുരം: ജനങ്ങൾക്ക് സൗജന്യ വാക്സിൻ നൽകാതെ കോർപ്പറേറ്റ് മാനേജ്മെന്റുകൾക്ക് വിടുപണി ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ യുദ്ധ പ്രഖ്യാപനത്തിനെതിരെ വമ്പിച്ച ജനകീയ പ്രതിരോധം ഉയർന്നുവരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിനെതിരെ ഇടതു മുന്നണി സംഘടിപ്പിച്ച വീട്ടുമുറ്റ സത്യഗ്രഹത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എം.എൻ സ്മാരകത്തിനു മുന്നിലെ സത്യഗ്രഹത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം മണ്ഡലം സെക്രട്ടറി മുരളീ പ്രതാപ് അടക്കമുള്ള നേതാക്കളും പങ്കെടുത്തു.
സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി. ശ്രീധർ സ്മാരക മന്ദിരത്തിൽ നടന്ന സമരത്തിൽ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എൻ. രതീന്ദ്രൻ, കെ.സി. വിക്രമൻ എന്നിവരും സമരത്തിൽ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി അംഗം എം. വിജയകുമാർ പേരൂർക്കടയിലും വി. ശിവൻകുട്ടി സുഭാഷ് നഗറിലെ വീടിനു മുന്നിലും പ്രതിഷേധിച്ചു.