ddddd

രോഗികൾ - 3,210 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.3 %


തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാംവരവിൽ ആശങ്ക തുടരുന്ന തലസ്ഥാന ജില്ലയിൽ 3210 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഒരുദിവസം ഏറ്റവും കൂടുതൽ രോഗികളെ റിപ്പോർട്ട് ചെയ്‌തതും ഇന്നലെയാണ്. രോഗികളും പ്രാഥമിക സമ്പർക്കത്തിലുള്ളവരും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് ജില്ലാ ആരോഗ്യവകുപ്പിന്റെ അറിയിപ്പ്. 2,807 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ രണ്ടുപേർ ആരോഗ്യ പ്രവർത്തകരാണ്. 20,606 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. 17.5 ശതമാനമായിരുന്ന ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.3 ശതമാനമായി ഉയർന്നു. ജില്ലയിൽ പുതുതായി 5,305 പേരെക്കൂടി നിരീക്ഷണത്തിലാക്കി. കൊവിഡുമായി ബന്ധപ്പെട്ടു ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 59,288 ആയി. 586 പേർ രോഗലക്ഷണങ്ങളൊന്നുമില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി. ഇന്നലെ 1,154 പേരാണ് രോഗമുക്തരായത്.


കൊവിഡ് ചികിത്സയ്ക്ക് എട്ടു കേന്ദ്രങ്ങൾകൂടി

460 കിടക്കകൾ കൂടി ഒരുക്കാൻ സൗകര്യം

ജില്ലയിൽ കൊവിഡ് ചികിത്സാ സൗകര്യങ്ങൾ വിപുലമാക്കുന്നതിനായി എട്ടു കേന്ദ്രങ്ങൾകൂടി സജ്ജമാക്കും. ആറ് ഡൊമിസിലറി കെയർ സെന്ററുകൾ, രണ്ടു സി.എഫ്.എൽ.ടി.സികൾ എന്നിവയാണ് സജ്ജമാക്കുന്നത്. എട്ടു കേന്ദ്രങ്ങളിലുമായി 460 കിടക്കകളാണ് സജ്ജമാക്കുന്നത്. കുന്നത്തുകാൽ പഞ്ചായത്തിലെ പി.പി.എം.എച്ച്.എസ്.എസ്, ബാലരാമപുരം പഞ്ചായത്തിൽ തനിമ സ്‌പെഷ്യൽ എസ്.ജി.എസ്.വൈ പ്രൊജക്റ്റ് അഡ്മിനിസ്‌ട്രേറ്റിവ് ബിൽഡിംഗ്, പള്ളിക്കൽ പഞ്ചായത്തിൽ പകൽക്കുറി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, മാറനല്ലൂർ പഞ്ചായത്തിൽ കണ്ടല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, കരകുളം പഞ്ചായത്തിൽ അഴീക്കോട് ക്രസന്റ് ഹൈസ്‌കൂളിന്റെ ഗേൾസ് ഹോസ്റ്റൽ കെട്ടിടം, വെള്ളനാട് പഞ്ചായത്തിൽ സാരാഭായി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ മെൻസ് ഹോസ്റ്റൽ കെട്ടിടം എന്നിവയാണ് ഡൊമിസിലറി കെയർ സെന്ററുകളായി ഏറ്റെടുത്തത്.

നാലു പഞ്ചായത്തുകളിൽക്കൂടി

നിരോധനാജ്ഞ

ജില്ലയിലെ നാലു പഞ്ചായത്തുകളിൽക്കൂടി സി.ആർ.പി.സി 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. കല്ലിയൂർ, അതിയന്നൂർ, പാറശാല, മടവൂർ പഞ്ചായത്തുകളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഈ പ്രദേശങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളിലെത്തിയ സാഹചര്യത്തിലാണു നടപടി.

നിരോധനാജ്ഞ പ്രഖ്യാപിച്ച

പ്രദേശങ്ങളിലെ നിയന്ത്രണങ്ങൾ

 ആരാധനാലയങ്ങളിൽ ചടങ്ങുകൾക്ക് അഞ്ചുപേരിൽ കൂടുതൽ പങ്കെടുക്കരുത്
 പൊതുസ്ഥലങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ കൂട്ടംകൂടരുത്
 വിവാഹങ്ങളിലും പൊതു ചടങ്ങുകളിലും 25 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല
 വിവാഹം കൊവിഡ് ജാഗ്രതാ പാർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം
 ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ, മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ
എന്നിവ ഒഴികെയുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാത്രി 7.30ന് അടയ്ക്കണം
 ഹോട്ടലുകളിൽ 7.30വരെ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കും.

രാത്രി 9 വരെ ടേക്ക് എവേ, പാഴ്‌സൽ സർവീസുകളാകാം