കാട്ടാക്കട: കാട്ടാക്കട പബ്ലിക്ക് മാർക്കറ്റിന് സമീപത്ത് മാസങ്ങളായി കുന്നുകൂടി കിടന്ന അനധികൃത മാലിന്യ നിക്ഷേപത്തിന് പരിഹാരമായി. പൂവച്ചൽ ഗ്രാമപഞ്ചായത്തും പ്രസിഡന്റ് സനൽകുമാർ മാർക്കറ്റ് വാർഡ് അംഗം തസ്ലീം താജുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ജെ.സി.ബി എത്തിച്ചു കുഴിയെടുത്ത് മാലിന്യം മൂടി പരിഹാരം കണ്ടു. കാൽനടയാത്ര പോലും തടസമായി ദുർഗന്ധവും തെരുവുനായശല്യവും ഇവിടെ രൂക്ഷമായിരുന്നു.
മാലിന്യം ജനങ്ങൾക്ക് ബുദ്ധിമുട്ടായതോടെയാണ് പൂവച്ചൽ പഞ്ചായത്ത് യോഗം കൂടി നടപടി വേഗത്തിലാക്കിയത്. രണ്ടു ടണ്ണിലധികം ഉണ്ടായിരുന്ന മാലിന്യമാണ് കുഴിച്ചു മൂടിയത്. ഇനി മുതൽ പ്രദേശത്തു അനധികൃത മാലിന്യ നിക്ഷേപം നടത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റും ഹെൽത്ത് ഇൻസ്‌പെക്ടർ ശശിധരനും അറിയിച്ചു.