ബാലരാമപുരം: കളക്ടർ 144 പ്രഖ്യാപിച്ചിട്ടും ബാലരാമപുരത്ത് ജനം ഒന്നടങ്കം നിരത്തിലിറങ്ങുന്നത് സ്ഥിതി ആശങ്കാജനകമാക്കുന്നു. സാമൂഹിക അകലം പാലിക്കാതെ കച്ചവടസ്ഥാപനങ്ങളിലും പൊതുമാർക്കറ്റിലും വഴിയോര വിപണികളിലും സാധനം വാങ്ങാനെത്തുന്നവരുടെ തിക്കും തിരക്കുമാണ് സ്ഥിതി വഷളാക്കുന്നത്. ജംഗ്ഷനിലുൾപ്പെടെ ഏഴോളം സ്ഥലത്ത് അനൗൺസ്‌മെന്റ് ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതും പ്രഹസനമാവുകയാണ്. ബാലരാമപുരം പഞ്ചായത്തിൽ ചേർന്ന അടിയന്തര സർവകക്ഷിയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് വിവിധ കക്ഷിനേതാക്കളും സന്നദ്ധ സംഘടനാ പ്രതിനിധികളും ആവശ്യപ്പെട്ടിട്ടും കഴിഞ്ഞ ദിവസവും ബാലരാമപുരത്ത് അനുഭവപ്പെട്ട തിരക്ക് വീണ്ടും സ്ഥിതി കൂടുതൽ വഷളാകുന്നതിന്റെ സൂചനയാണ് നൽകുന്നത്. ഒന്നാംഘട്ടത്തിൽ 1070 പേർക്ക് കൊവിഡ് ബാധിക്കുകയും 30 പേർ മരിക്കുകയും ചെയ്തു. രണ്ടാംഘട്ടത്തിൽ ഒരു മാസത്തിനിടെ 161 പേർക്ക് രോഗം ബാധിച്ചു. ഇത് കൊവിഡ് വ്യാപനത്തിന്റെ തോത് ഉയരുന്നതിന്റെ സൂചനയാണ്.
പൊലീസ് നിയന്ത്രണം കടുപ്പിക്കണമെന്ന്
ബാലരാമപുരത്ത് കൊവിഡ് കേസുകൾ ഇരട്ടിയായതോടെ പൊലീസ് പരിശോധന കാര്യക്ഷമമാക്കണമെന്നും അനാവശ്യ യാത്രകൾക്ക് വിലക്കേർപ്പെടുത്തണമെന്നും ആവശ്യമുയരുന്നു. ഐത്തിയൂർ, പുള്ളിയിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ബാരിക്കേഡ് സ്ഥാപിച്ച് പരിശോധന നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ബാലരാമപുരം പഞ്ചായത്തിൽ സ്ഥിതി ആശങ്കാജനകമാകുന്ന സാഹചര്യത്തിൽ അമ്പത് വയസിന് മുകളിലുള്ളവർക്ക് സി.എച്ച്.സിയിൽ കൊവിഡ് വാക്സിനേഷൻ തുടങ്ങണം. കൊവിഡ് പ്രതിരോധത്തിന് വാർഡുതല സമിതി ഉടൻ തുടങ്ങണം. വാക്സിനേഷൻ നിറുത്തിയത് പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ്. കൊവിഡിന്റെ രണ്ടാം തരംഗത്തിന് രാഷ്ട്രീയം മറന്ന് പാർട്ടി നേതൃത്വം ഭരണസമിതിയുമായി സഹകരിക്കും.
അഡ്വ. വിൻസെന്റ് ഡി.പോൾ, ഡി.സി.സി ജനറൽ സെക്രട്ടറി
ബാലരാമപുരത്ത് കൊവിഡ് കേസുകൾ ഇരട്ടിയാകുന്ന സാഹചര്യത്തിൽ പൊലീസ് മുഖം നോക്കാതെ നടപടി സ്വീകരിക്കണം. 144 പ്രഖ്യാപിച്ചിട്ടും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തത് സ്ഥിതി കൂടുതൽ ഭയാനകമാക്കുകയാണ്. അനാവശ്യ യാത്രകൾക്ക് വിലക്കേർപ്പെടുത്തണം. പഞ്ചായത്തിന്റെയും പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും കൊവിഡ് പ്രതിരോധ നടപടികൾക്ക് പാർട്ടി നേതൃത്വത്തിന്റെ പൂർണ പിന്തുണ നൽകും.
പുന്നക്കാട് ബിജു, ബി.ജെ.പി നോർത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്