കാട്ടാക്കട: കാട്ടാക്കട പ്രദേശത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കുരുതംകോട് ചെവിടംകോടാണ് ഇന്നലെ ഒരാൾ മരിച്ചത്. ഇതോടെ കാട്ടാക്കട പഞ്ചായത്തിൽ മാത്രം മരണം ആറായി. പഞ്ചായത്തിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 50 ശതമാനത്തിന് മുകളിയായി. ബുധനാഴ്ച 55 പേരുടെ പരിശോധന ഫലം വന്നപ്പോൾ 30 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ പഞ്ചായത്തിൽ 243 പേരാണ് ചികിത്സയിലുള്ളത്.
കള്ളിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിശോധനയിൽ 33 പേർക്കും, കുറ്റിച്ചൽ പഞ്ചായത്തിലെ നാലു പേർക്കും കൊവിഡ് പോസിറ്റീവ് ആയി. കള്ളിക്കാട് പഞ്ചായത്തിൽ നിലവിലെ കേസുകളുടെ എണ്ണം 128 ആയി. കാട്ടാക്കട, പൂവച്ചൽ പഞ്ചായത്തുകളിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്. ഈ പ്രദേശങ്ങളിൽ പൊലീസിന്റെ പരിശോധനയും കർശനമാക്കി. കാട്ടാക്കട താലൂക്കിലാകെ കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിലായി 650 പേരെയും നെയ്യാർഡാമിലെ സി.എഫ്.എൽ.ടി.സി.യിൽ 100 പേരെയും ഉൾക്കൊള്ളാവുന്ന സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കാട്ടാക്കടയിലെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ വ്യാഴാഴ്ച തുറക്കാനാണ് ശ്രമം.