pinarayi

കേന്ദ്രനിർദ്ദേശം തത്കാലം നടപ്പാക്കില്ല

തിരുവനന്തപുരം: കൊവിഡ് വ്യാപനം തീവ്രമായ ജില്ലകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന കേന്ദ്രനിർദ്ദേശം സംസ്ഥാനത്ത് തത്കാലം നടപ്പാക്കില്ലെന്നും, കടുത്ത നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും കൊവിഡ് അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അടച്ചിടൽ ജീവനോപാധികളെയും സാമ്പത്തികരംഗത്തെയും തളർത്തുമെന്നാണ് വിലയിരുത്തൽ. കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങളും പുതിയ സംഭവവികാസങ്ങളും ഉണ്ടാകുന്ന മുറയ്ക്ക് ഇപ്പോഴത്തെ തീരുമാനത്തിൽ മാറ്റം വരുത്തണമെങ്കിൽ ചെയ്യും.

ലോക്ക് ഡൗൺ അവസാന ആയുധം മാത്രമാണ്.ആളുകൾ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണം. ഓക്സിജൻ ആവശ്യത്തിന് ലഭ്യമാക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചു കൊണ്ടുവരും. കൂടുതൽ വോളണ്ടിയർമാരെ കണ്ടെത്തും.വാർഡ് തല സമിതികളുടെ ഇടപെടലും ശക്തിപ്പെടുത്തും.

ജില്ലകളിൽ കൂടുതൽ ചികിത്സാസൗകര്യങ്ങൾ ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചു. ആലപ്പുഴ ജില്ലയിൽ 1527 കിടക്കകൾ കൂടി സജ്ജമാക്കി. തൃശൂർ ജില്ലയിലെ 21 പഞ്ചായത്തുകളിൽ 50 ശതമാനത്തിനു മുകളിലാണ് നിരക്ക് .പത്തനംതിട്ടയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലാണ് രോഗവ്യാപനം കൂടുതൽ. ഇവിടെ പുതിയ അഞ്ച് സി.എഫ്.എൽ.ടി.സികൾ കൂടി തുടങ്ങും. കൊല്ലം ജില്ലയിൽ 93 സെക്ടറൽ ഓഫീസർമാരെ അധികമായി നിയമിച്ചു. കോട്ടയത്ത് 58 തദ്ദേശ സ്ഥാപനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20നു മുകളിലാണ്. ഇതിൽതന്നെ ഒരു പഞ്ചായത്തിൽ അൻപതിനു മുകളിലും, അഞ്ചിടത്ത് നാൽപ്പതിനും അൻപതിനും ഇടയിലുമാണ്.

കാസർകോട് ജില്ലയിൽ 59 വെന്റിലേറ്റർ, 114 ഐ.സി.യു ബെഡ്, 1101 ഓക്സിജൻ ബെഡ്, 589 സാധാരണ ബെഡ് എന്നിവ സജ്ജമാക്കും. ജില്ലയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാനായി ആവശ്യമെങ്കിൽ 50 സെന്റ് ഭൂമി അനുവദിക്കും.തിരുവനന്തപുരം ജില്ലയിൽ മാസ് വാക്സിനേഷൻ നടക്കുന്ന ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ അഞ്ചു സെഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ പട്ടിക വർഗ്ഗ കോളനികളിൽ സുരക്ഷ ഉറപ്പാക്കാനായി ടെസ്റ്റ്, വാക്സിനേഷൻ എന്നീ കാര്യങ്ങൾക്ക് പ്രത്യേക സംവിധാനമൊരുക്കും. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും പൈപ്പ് ലൈൻ വഴിയുള്ള ഓക്സിജൻവിതരണ സംവിധാനമൊരുക്കി.

എറണാകുളം ജില്ലയിലെ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി കൂടുതൽ കോവിഡ് തീവ്രപരിചരണ സൗകര്യങ്ങൾ സജ്ജമാക്കി. കണ്ണൂർ ജില്ലയിൽ പട്ടിക വർഗ മേഖലകളിലെ കോവിഡ് പ്രതിരോധം ഏകോപിപ്പിക്കുന്നതിന് പ്രത്യേക നോഡൽ ഓഫീസറെ നിയോഗിച്ചു.മലപ്പുറത്ത് 14 ഗ്രാമപഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഏതായാലും വോട്ടെണ്ണൽ വരെ നിലവിലെ രീതി തുടരാനാണ് സാദ്ധ്യത. അതുകഴിഞ്ഞ് എന്തെങ്കിലും നയം മാറ്റം ആവശ്യമുണ്ടോയെന്ന് പുതുതായെത്തുന്ന മന്ത്രിസഭയാകും തീരുമാനിക്കുക.