പാറശാല: പാറശാല പഞ്ചായത്തിൽ ഒരാൾ കൂടി മരിച്ചതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. രോഗം പടരുന്ന സാഹചര്യത്തിൽ പാറശാല പഞ്ചായത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
പുതിയതായി അസുഖം ബാധിച്ച 23 പേർ ഉൾപ്പെടെ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 109 ആണ്. വീടുകളിൽ 164 പേർ ചികിത്സയിലാണ്. പഞ്ചായത്തിലെ പാറശാല ടൗൺ, കീഴത്തോട്ടം എന്നിവിടങ്ങളിലെ രണ്ട് പേരാണ് മരിച്ചത്. നേരത്തെ കണ്ടെയ്ൻമെന്റ് സോണുകളായ മേലക്കോണം, നെടിയാംകോട്, കോട്ടയ്ക്കകം എന്നീ വാർഡുകൾ നില തുടരുകയുമാണ്. രോഗം സ്ഥിരീകരിച്ച വീടുകളിലെ മറ്റ് അംഗങ്ങൾ മാസ്ക് ധരിക്കാത്തതും സുരക്ഷാ നടപടികൾ പാലിക്കാത്തതുമാണ് മറ്റു അംഗങ്ങൾക്കും രോഗം ബാധിക്കുന്നത്. നിരോധനാജ്ഞ നിലവിലുളള ചെങ്കൽ, കാരോട്, കുളത്തൂർ, കൊല്ലയിൽ പഞ്ചായത്തുകളിൽ രോഗം പടരുകയാണ്. ചെങ്കൽ പഞ്ചായത്തിലും രോഗം ബാധിച്ച് നേരത്തെ ഒരാൾ മരിച്ചു. ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ച 10 പേർ ഉൾപ്പെടെ 162 പേർ ഇപ്പോൾ ചികിത്സയിലാണ്. പഞ്ചായത്തിലുള്ള ഉദിയൻകുളങ്ങരയിലെ പൊതു മാർക്കറ്റ് ഇന്നലെ അടച്ചെങ്കിലും കച്ചവടം റോഡ് വക്കുകളിലേക്ക് മാറിയത് കൂടുതൽ അപകടകരമാകുമെന്ന സാഹചര്യത്തിൽ നടപടി പിൻവലിച്ചു.