തിരുവനന്തപുരം: ആർ.ശങ്കർ ഫൗണ്ടേഷൻ ഒഫ് കേരള ഏർപ്പെടുത്തിയ 'ആർ ശങ്കർ പുരസ്‌കാരം 2020' പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നൽകും. ആർ ശങ്കറിന്റെ ജന്മദിനമായ നാളെ രാജ്ഭവനിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരസമർപ്പണം. 50001 രൂപയും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം.ആർ.ശങ്കർ ജന്മദിന പരിപാടികൾ പതിന്നാലു ജില്ലകളിലും അന്നേദിവസം സംഘടിപ്പിക്കുമെന്ന് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അഡ്വ.കുന്നുകുഴി ജി. സരേഷ് അറിയിച്ചു.തിരുവനന്തപുരത്ത് പാളയം ആർ.ശങ്കർ സ്‌ക്വയറിലെ പ്രതിമയിൽ രാവിലെ ഒമ്പതിന് പുഷ്പാർച്ചന നടത്തും. ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ. ടി ശരത്ചന്ദ്ര പ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ മുരളീധരൻ എം.പി, എം.എം ഹസൻ, വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പി, അടൂർ പ്രകാശ് എം.പി തുടങ്ങിയവർ പങ്കെടുക്കും.