തിരുവനന്തപുരം:സംസ്ഥാനത്തെ 20 സ്വകാര്യ മെഡിക്കൽ കോളേജുകളിലെ എല്ലാ സൗകര്യങ്ങളും കൊവിഡ് ചികിത്സയ്‌ക്ക് ഉപയോഗിക്കാൻ ആരോഗ്യ സർവകലാശാല ഗവേണിംഗ് കൗൺസിൽ യോഗം തീരുമാനിച്ചു. ഇതിനനുസരിച്ചുള്ള കർമ പരിപാടികൾ തയ്യാറാക്കാൻ സ്വകാര്യ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും അടിയന്തര യോഗം ഇന്ന് ചേരും.
ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള അവസാന വർഷ പരീക്ഷകൾ മേയ് മാസം നടത്തും. മറ്റ് പരീക്ഷകൾ ജൂൺ മാസത്തിലും. തിയറി ക്ലാസുകൾ ഓൺലൈനായി തുടരും. വിദ്യാർഥികൾക്ക് ക്ലാസുകളിൽ ഹോസ്റ്റലിൽ നിന്നോ വീടുകളിൽ നിന്നോ പങ്കെടുക്കാം. പ്രാക്ടിക്കൽ, ക്ലിനിക്കൽ ക്ലാസുകൾ ചെറിയ ഗ്രൂപ്പുകളായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തണം. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അദ്ധ്യക്ഷനായി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഉൾപ്പെടെയുള്ള അംഗങ്ങൾ പങ്കെടുത്തു.