കിളിമാനൂർ: കൊവിഡ് ആർ.ടി.പി.സി.ആർ പരിശോധനാ ഫലം വൈകുന്നതിൽ പൊതുജനങ്ങൾക്കിടയിൽ ആശങ്ക പടരുന്നു. പി.എച്ച്.സി കളുടെയും സി.എച്ച്.സി കളുടെയും മേൽനോട്ടത്തിൽ സാമ്പിളുകൾ ശേഖരിച്ച് ജില്ല മെഡിക്കൽ ഓഫീസർ ചുമതലപ്പെടുത്തുന്ന ലാബുകളിലാണ് പരിശോധന നടക്കുന്നത്. എന്നാൽ വൈകിയെത്തുന്ന ഫലം ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുന്നത്. കൊവിഡിന്റെ ആദ്യ നാളുകളിൽ 48 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ആഴ്ചകളോളം വൈകി ഫലം വരുന്നതിനീൽ ടെസ്റ്റിന് വിധേയമായവർ ഫലം നെഗറ്റീവാണെന്ന ധാരണയിൽ നിരീക്ഷണത്തിലിരിക്കാതെ പുറത്തിറക്കി ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നത് രോഗവ്യാപനത്തിന് കാരണമാകുന്നു. രോഗലക്ഷണങ്ങൾ ഒന്നുമില്ലാത്തവരാണ് ഇത്തരത്തിൽ പുറത്തിറങ്ങി നടക്കുന്നത്. ഇതിൽ പലർക്കും ഫലം വന്നപ്പോൾ പൊസിറ്റീവായിരുന്നു. ഇത്തരത്തിൽ അടയമൺ പി.എച്ച്.സിയിൽ ഒരാഴ്ച മുമ്പ് പരിശോധനനടത്തിയ 63 പേരിൽ 23 പേർക്കും കഴിഞ്ഞ ദിവസം ഫലം വന്നപ്പോൾ പോസിറ്റീവായിരുന്നു. പ്രൈവറ്റ് ആശുപത്രികളിൽ കൂടിയ നിരക്കിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി 24 മണിക്കൂറിനകം ഫലം കൊടുക്കുന്നുമുണ്ട്. പൊതുജനങ്ങളോട് നിരീക്ഷണത്തിൽ ഇരിക്കാൻ പഞ്ചായത്തുതലത്തിൽ കർശന നിർദ്ദേശങ്ങൾ കൊടുക്കുന്നുണ്ടെങ്കിലും ഇത്തരത്തിൽ ഫലം താമസിക്കുന്നത് ജനങ്ങൾ പുറത്തിറങ്ങി സമ്പർക്കത്തിൽ ഏർപ്പെട്ട് രോഗം പടരാൻ കാരണമാകുന്നു. സർക്കാരും ആരോഗ്യവകുപ്പും കൂടി അടിയന്തിരമായി ഫലം എത്രയും വേഗം ലഭ്യമാക്കാൽ വേണ്ട സഹായം ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം.