മുക്കം: മലയോരത്ത് കൊവിഡ് രണ്ടാം തരംഗം നിയന്ത്രണത്തിന് വഴങ്ങാതായതോടെ മുക്കം നഗരസഭയിലെ മൂന്നു വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണും ഏഴു വാർഡുകൾ കണ്ടെയ്ൻമെന്റ് സോണും ആയി. 18, 20,25 വാർഡുകളാണ് ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്.
06,09,13,15,17,20,21 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാണ്. ഇന്നലെ മുക്കം സി.എച്ച്.സിയിൽ സ്രവപരിശോധന നടന്നില്ലെങ്കിലും മറ്റിടങ്ങളിൽ നടത്തിയ പരിശോധനയിൽ 38 പേർക്ക് രോഗം സ്ഥിരീകരിച്ചു. കാരശ്ശേരിയിൽ ഇന്നലെ 34 പേർ കൂടി രോഗബാധിതരായതോടെ 277 പേർ ചികിത്സയിലാണ്. തിരുവമ്പാടിയിൽ ഇന്നലെ 28 പേർക്ക് കൂടി കൊവിഡ് പോസിറ്റീവായി. കൂടരഞ്ഞിയിൽ ഇന്നലെ 9 പേർക്ക് കൂടി രോഗം കണ്ടെത്തിയതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 107 ആയി ഉയർന്നു. കൊടിയത്തൂരിലും രോഗവ്യാപനം തുടരുന്നു. യൂണിറ്റി വനിത സഹകരണ സംഘത്തിലെ ജീവനക്കാരിക്ക് കൊവിഡ് ബാധിച്ചതോടെ സംഘം ഓഫീസ് താത്കാലികമായി അടച്ചു. ഇവിടെ 8 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാണ്.
ഇതിനിടെ മുക്കം സി.എച്ച്.സിയിൽ ദിവസം 200 പേർക്ക് വീതം പ്രതിരോധ കുത്തിവയ്പ് നൽകാൻ പ്രവർത്തിക്കുന്ന വാക്‌സിനേഷൻ കേന്ദ്രം കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്നതും അവിടെ കയറിയെത്താൻ പലരും പാടുപെടുന്നതും പരാതിയ്ക്ക് ഇടയാക്കുന്നുണ്ട്. കോണി കയറാതെ ഈ കേന്ദ്രത്തിലെത്താൻ യാതൊരു മാർഗവുമില്ലാത്തതിനാൽ കുത്തിവയ്‌പ്പെടുക്കാൻ എത്തുന്ന വൃദ്ധരും അവശരും വീൽചെയറിലും മറ്റും എത്തുന്ന കിടപ്പുരോഗികളും മറ്റും മുകളിലെത്താൻ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല.
സാഹസപ്പെട്ട് മുകൾനിലയിൽ എത്തിയാൽ കുത്തിവയ്പിന് ഊഴം കാത്തിരിക്കേണ്ടത് ഇടുങ്ങിയ കോണിക്കൂട്ടിലാണ്. കുത്തിവയ്പ്പ് കഴിഞ്ഞാൽ അര മണിക്കൂർ നിരീക്ഷണത്തിലിരിക്കേണ്ടതും മറ്റൊരു ഇടുങ്ങിയ മുറിയിൽ ത്തന്നെ. താഴെ ടോക്കൺ ലഭിക്കാൻ കാത്തു നിൽക്കേണ്ടതും തകരം കൊണ്ടുള്ള മേൽപുരയ്ക്ക് താഴെ സ്ഥലസൗകര്യമില്ലാത്തിടത്ത്. 20 ആൾക്കുപോലും അകലം പാലിച്ച് ഇരിക്കാനുള്ള സൗകര്യം ഇവിടെയില്ല. വോട്ടെടുപ്പിന് വേണ്ടി താത്കാലികമായുണ്ടാക്കുന്ന പോളിംഗ് ബൂത്തിൽ പോലും വീൽചെയർ കയറാൻ റാമ്പ് സൗകര്യം വേണമെന്നിരിക്കെയാണ് ഇവിടെ കോണി കയറി നരകിക്കേണ്ടി വരുന്ന ദുരവസ്ഥ. കുത്തി വയ്പ് അവസാനിക്കുന്ന 5 മണി വരെ മേൽനോട്ട ചുമതല വഹിക്കേണ്ട ഡോക്ടർ ഉച്ചയ്ക്ക് ശേഷം ഇവിടെ ഉണ്ടാവാറില്ലെന്നും പരാതിയുണ്ട്. കുറഞ്ഞത് 50 പേർക്കെങ്കിലും അകലം പാലിച്ച് ഇരിക്കാൻ സൗകര്യമുള്ള ഏതെങ്കിലും സ്‌കൂളോ മറ്റു സ്ഥാപനങ്ങളോ വാക്‌സിനേഷൻ കേന്ദ്രങ്ങളാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മിക്ക സ്ഥലങ്ങളിലും ആശുപത്രിക്ക് പകരം അത്തരം കേന്ദ്രങ്ങളാണ് ഉപയോഗിക്കുന്നത്. തികഞ്ഞ മനുഷ്യാവകാശ ലംഘനമാണിവിടെ നടക്കുന്നതെന്ന് ചൂണ്ടിക്കാണ്ടി യൂത്ത് കോൺഗ്രസ് ഭാരവാഹികൾ മനുഷ്യവകാശ കമ്മിഷനും മറ്റും പരാതി നൽകുകയും ചെയ്തു.