volenteer

അഴിയൂർ: പഞ്ചായത്തിലെ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യുവജന സംഘടനകളുടെ നേതൃത്വത്തിൽ യൂത്ത് വോളണ്ടിയർമാർ, സെക്ടറൽ മജിസ്‌ട്രേറ്റിന്റെ കൂടെ ഫീൽഡിൽ ഇറങ്ങി. ധാരാളം കുട്ടികൾ കളിക്കുന്ന കളി സ്ഥലങ്ങളിലും വെറുതെ കൂട്ടംകൂട്ടമായി ജനങ്ങൾ ഇരിക്കുന്ന തീരദേശങ്ങളിലും ആണ് സ്‌ക്വാഡ് പ്രവർത്തനം നടത്തിയത്. കുട്ടികളുടെ രക്ഷിതാക്കളെ ബോധവത്ക്കരിക്കുകയും കഴിഞ്ഞ 5 ദിവസത്തിനിടെ 35 കുട്ടികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ച ഗുരുതരാവസ്ഥ വിവരിച്ചു നൽകുകയും ചെയ്തു. കടലോരത്ത് കുറച്ചു കുട്ടികൾ ചേർന്ന് താത്ക്കാലിക ഷെഡ് ഉണ്ടാക്കി പ്രാവിനെ വളർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നീക്കം ചെയ്യാൻ നിർദ്ദേശം നൽകി.

കടലോരത്ത് വെറുതെയിരുന്ന മാഹി സ്വദേശിയെ കാര്യം പറഞ്ഞു തിരിച്ചയച്ചു. പൂഴിത്തല ആസ്യ റോഡ് എരിക്കിൽ, എലിഫെന്റ് റോഡ്, സ്‌നേഹതീരം, കാപുഴ , ഹാർബർ, മാടക്കര എന്നീ കടലോര പ്രദേശങ്ങളിലും കൊളരാട് തെരുവിലും സ്‌ക്വാഡ് പ്രവർത്തനം നടത്തി. ധാരാളം കുട്ടികൾ മാസ്‌ക് ധരിക്കാതെ കളിക്കുന്ന കോട്ടികൊല്ലോൻ കോളനിയിൽ വീട്ടുകാരെ ബോധവത്ക്കരിക്കുന്നതിന് സ്‌പെഷ്യൽ സ്‌ക്വാഡ് ഇന്ന് ഫീൽഡിൽ ഇറങ്ങും. തുടർ ദിവസങ്ങളിലും സ്‌ക്വാഡ് പ്രവർത്തനം ഉണ്ടാകും. രാത്രികാല പരിശോധന നടത്തും. സ്‌ക്വാഡ് പ്രവർത്തനത്തിന് പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, സെക്ടറൽ മജിസ്‌ട്രേറ്റ്മാരായ സത്യൻ മാസ്റ്റർ, കൃഷി ഓഫീസർ വി.കെ. സിന്ധു, അദ്ധ്യാപകരായ റിയാസ്, കെ. സജേഷ് കുമാർ, പഞ്ചായത്ത് സ്റ്റാഫ് നിഖിൽ, യുവജന സംഘടന പ്രതിനിധികളായ പി. സുബി, വി.പി. മർവാൻ, മുഹമ്മദ് നിഷാദ്, പി. ജ്യോതിഷ്, മുഹമ്മദ് ഫാസിൽ, മുഹമ്മദ് അജ്മൽ, മിഥുൻ ലാൽ എന്നിവർ പങ്കെടുത്തു. ചോമ്പാല പൊലീസിന്റെ സഹകരണത്തോടെയാണ് സ്‌ക്വാഡ് പ്രവർത്തനം നടത്തിയത്. രോഗികൾ വർദ്ധിക്കുന്നതിനാലും ധാരാളം പേർ വിവിധ സ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കുന്നുണ്ട് എന്ന പരാതിയുടെ അടിസ്ഥാനത്തിലുമാണ് സ്‌ക്വാഡ് പ്രവർത്തനം നടത്തിയത്.