മൗവ്വൽ (കാസർകോട്): കൊവിഡ് കാലത്തും മൗവ്വലിലെ ദുബായ് സമൂസയ്ക്ക് പ്രിയം കൂടുന്നു. മൗവ്വൽ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന 'ദുബായ് സമൂസ'' സ്ഥാപനത്തിൽ നിന്ന് ദിവസം പതിനായിരത്തിലധികം സമൂസയാണ് നോമ്പു തുറയ്ക്കാനായി ജില്ലയുടെ വിവിധ സ്ഥലങ്ങളലേക്ക് എത്തിക്കുന്നത്. ഇതിനുപുറമേ ചിക്കൻ റോളുമുണ്ട്. കഴിഞ്ഞവർഷം ലോക്ക് ഡൗണിനെ തുടർന്ന് മൗവ്വൽ സമൂസ ഉണ്ടായിരുന്നില്ല. ദുബായ് സമൂസയിൽ 12 പേരാണ് നിത്യവും നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇവരിൽ ഫൈസൽ, സലാം, കരീം, ഷമീർ, ബഷീർ, മസൂദ് എന്നിവർ റംസാൻ കാലത്ത് സമൂസ ഉണ്ടാക്കാനായി ഷാർജയിലെ ബേക്കറിയിൽ നിന്നും അവധിയെടുത്ത് വന്നവരാണ്.
ഓരോരുത്തരും സമൂസയുടെ വ്യത്യസ്ത ഭാഗങ്ങളും ചേരുവകളും ഉണ്ടാക്കുന്നതിൽ വിദഗ്ദ്ധരാണ്. പാണത്തൂർ, ബന്തടുക്ക പോലുള്ള മലയോര പ്രദേശങ്ങളിലേക്കുള്ള ആവശ്യക്കാർ നേരിട്ട് പള്ളിക്കര മൗവ്വലിലെത്തി ശേഖരിക്കും. ഒന്നര പതിറ്റാണ്ടായി റംസാൻ മാസത്തിൽ സമൂസ നിർമ്മിച്ച് വിതരണം ചെയ്യാൻ പ്രത്യേക സ്റ്റാളുകൾ മൗവ്വലിൽ പ്രവാസികൾ തുറക്കുന്നുണ്ട്. നാല് വർഷം മുമ്പ് പ്രവാസം മതിയാക്കിയെത്തിയ മൗവ്വലിലെ ബഷീർ, ഹദാദ്ദ് നഗറിലെ അബ്ദുൾ റഹ്മാൻ, ഇസ്മയിൽ എന്നിവർ ചേർന്ന് ദുബായ് സമൂസ എന്ന പേരിൽ കട തുടങ്ങിയതോടെ മുൻ കാലങ്ങളിൽ റംസാൻ മാസത്തിൽ മാത്രം കിട്ടിയിരുന്ന സമൂസയുടെ രുചി നാട്ടുകാർക്ക് നിത്യവുമറിയാൻ വഴിയൊരുങ്ങിയത്.
സമൂസ നിർമ്മാണത്തിന് പുറമെ വിവാഹ ആവശ്യക്കാർക്കായി ഇടിയപ്പം, വെള്ളേപ്പം, പൊറോട്ട, ഉറുമാൽ റൊട്ടി തുടങ്ങിയവ ഉണ്ടാക്കി നൽകി സ്ഥാപനം നിലനിർത്തുന്നു. നോമ്പ് കാലം ആകുന്നതോടെ പൂർണമായും ശ്രദ്ധ സമൂസയിലേക്ക് തിരിയും. ഈ വർഷം മൊത്തവില ഒന്നിന് അഞ്ചു രൂപയും ചില്ലറ വിൽപ്പന വില ആറു രൂപയുമാണ്. പള്ളിക്കര, ഉദുമ പഞ്ചായത്തുകളിൽ സമൂസയും ചിക്കൻ റോളുമുണ്ടാക്കുന്ന ചെറു സ്ഥാപനങ്ങൾ ഒന്നിലധികമുണ്ടെങ്കിലും ഇത്രയും കൂടുതൽ നോമ്പുതുറ വിഭവമുണ്ടാക്കുന്നത് മൗവ്വലിലെ ദുബായ് സ്ഥാപനത്തിലാണ്.