വിതുര: കൊവിഡ് വ്യാപനവും മരണവും മുൻനിറുത്തി വിതുര പഞ്ചായത്തിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ ചേർന്ന സർവകക്ഷിയോഗത്തിലാണ് കൊവിഡിന് തടയിടുന്നതിനായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്.ഇതിന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങൾ രാവിലെ ഏഴ് മണിമുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ മാത്രം പ്രവർത്തിക്കും. ഹോട്ടലുകളിൽ പാഴ്സൽ സർവീസ് ഉണ്ടാകും, സ്വകാര്യവാഹനങ്ങൾക്ക് വൈകിട്ട് അഞ്ചുവരെ സർവീസ് നടത്താം. തിരക്ക് നിയന്ത്രിക്കാൻ ആശുപത്രികളിലും ബാങ്കുകളിലും പ്രത്യേക സംവിധാനം ഏർപ്പെടുത്തും. ടൂറിസ്റ്റുകേന്ദ്രങ്ങളായ പൊൻമുടി, കല്ലാർ, പേപ്പാറ, ബോണക്കാട് എന്നിവിടങ്ങളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് സന്ദർശകരെ നിയന്ത്രിക്കും. വിതുര സി.ഐ വിപിൻഗോപിനാഥൻെറ നേതൃത്വത്തിൽ പ്രത്യേകപൊലീസ് സംഘം കർശന പരിശോധനകൾ നടത്തും. സർവകക്ഷിയോഗം വിതുര പഞ്ചായത്ത് പ്രസിഡൻറ് വി.എസ്. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വിതുര ഗവൺമെൻറ് താലൂക്ക് ആശുപത്രി മെഡിക്കൽ ഒാഫീസർ ഡോ. ശശി ഉദ്ഘാടനം ചെയ്തു.

വിതുരയിൽ 250 പേർ ചികിത്സയിൽ

വിതുര പഞ്ചായത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 250 കടന്നു. ഒരാഴ്ചക്കിടയിൽ ഇരുന്നൂറോളം പേർക്കാണ് കൊവിഡ് പിടികൂടിയത്. എല്ലാവാർഡിലും രോഗബാധിതരുണ്ട്. ആറ് പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. പഞ്ചായത്തിലെ ആകെ മരണസംഖ്യ 20 ആയി. ആയിരത്തോളം പേർക്കാണ് ഒരു വർഷത്തിനിടയിൽ പഞ്ചായത്തിൽ കൊവിഡ് ബാധിച്ചത്. ആദിവാസിമേഖലകളിലും കൊവിഡിന്റെ താണ്ഡവം തുടരുകയാണ്. പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളാണ്.

തൊളിക്കോട്ട് 160 പേ‌ക്ക് കൊവിഡ്

തൊളിക്കോട് പഞ്ചായത്തിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 160 ആയി ഉയർന്നു. ഒരാഴ്ചക്കിടയിൽ 130 പേർക്കാണ് കൊവിഡ് ബാധിച്ചത്. മൂന്ന് ആദിവാസികൾ കൊവിഡ് ബാധിച്ച് മരിച്ചു. പഞ്ചായത്തിൽ ഇതുവരെ 12 പേരാണ് രോഗബാധയെ തുടർന്ന് മരിച്ചത്. രണ്ട് വാ‌ർഡുകളെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ കൊവിഡ് വ്യാപനമുള്ള പനയ്ക്കോട്, കണിയാരംകോട് വാർഡുകളെയും കണ്ടെയ്ൻമെന്റ് സോണുകളാക്കാൻ റിപ്പോർട്ട് നൽകിയിട്ടുണ്ട്. പഞ്ചായത്തിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിരോധപ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.