1

നെയ്യാറ്റിൻകര: കൊവിഡ് പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെ നടന്ന എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പൊതു പരീക്ഷകൾ പൂർത്തിയായി. താലൂക്കിലെ തീരദേശ മേഖലയായ കുളത്തൂർ, പൊഴിയൂർ, കരുംകുളം, പൂവാർ എന്നിവിടങ്ങളിലെ വിവിധ വിദ്യാലയങ്ങളിൽ പരീക്ഷയെഴുതാനെത്തിയ കുട്ടികളിൽ രോഗവ്യാപനം തടയാൻ ചിട്ടയോടെയുള്ള ആരോഗ്യസുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. രോഗവ്യാപന സാധ്യതതടയാൻ എല്ലാ വിദ്യാലയങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുവിദ്യാഭ്യാസവകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ യോഗങ്ങൾ ചേർന്ന് മുന്നൊരുക്കങ്ങൾ വിലയിരുത്തിയിരുന്നു.

പരീക്ഷയ്ക്ക് മുമ്പ് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ക്ലാസുമുറികളും സ്കൂൾ പരിസരവും അണുവിമുക്തമാക്കി. ഓരോദിവസവും പരീക്ഷ പൂർത്തിയായാൽ ക്ലാസ് മുറികൾ ജീവനക്കാർ അണുവിമുക്തമാക്കിയിരുന്നു. കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ നെയ്യാറ്റിൻകര ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, മാരായമുട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ബാലരാമപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പാറശാല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കുളത്തൂർ വി. ആൻഡ് എച്ച്.എസ്.എസ്, പുല്ലുവിള ലിയോ തർട്ടീന്റ് ഹയർ സെക്കൻഡറി സ്കൂൾ, നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ക്രിസോസ്റ്റംസ് ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിലുൾപ്പെടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ആരോഗ്യപ്രവർത്തകർ പ്രത്യേകം ശ്രദ്ധിച്ചു. ഇതോടെ ആശങ്കളൊഴിഞ്ഞ ഒരു പരീക്ഷാക്കാലമാണ് കഴിഞ്ഞത്. കെ.എസ്.ടി.എ നേതൃത്വത്തിൽ ഉപജില്ലാ കേന്ദ്രങ്ങളിൽ പരീക്ഷാ സഹായകേന്ദ്രങ്ങൾ പ്രവർത്തിച്ചു. പാറശാലയിൽ അദ്ധ്യാപകരായ അനിൽകുമാർ, ആർ.എസ്. രഞ്ചു, എ. ഷിബു, ആർ.എസ്. ബൈജുകുമാർ, സുധീഷ് എന്നിവർ നേതൃത്വം നൽകി. നെയ്യാറ്റിൻകരയിൽ ജില്ലാ ട്രഷറർ ആർ. വിദ്യാവിനോദ്, നേതാക്കളായ എ.എസ് ബെൻ റെജി, എം. ജോൺ ബോയ്, എം. അയ്യപ്പൻ, ഷിബു അരുവിപ്പുറം, സാബു എന്നിവർ നേതൃത്വം നൽകി.