പാലോട്: കൊവിഡ് വ്യാപനം രൂക്ഷമായ നന്ദിയോട് പഞ്ചായത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി യുവകർമ്മ സേന രൂപീകരിച്ചു. മൂന്ന് മരണമാണ് നന്ദിയോട് റിപ്പോർട്ട് ചെയ്തത്. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഒന്നിപ്പിച്ച് ജനങ്ങൾക്ക് വാക്സിനേഷൻ, കൊവിഡ് പരിശോധന, കൊവിഡ് ബാധിച്ച കുടുംബങ്ങൾക്ക് സഹായമെത്തിക്കൽ എന്നിങ്ങനെയാണ് കർമ്മ സേനയുടെ പ്രവർത്തനം.
എഴുപത്തിയഞ്ച് അംഗ കർമ്മ സേനയ്ക്ക് അനൂജ്, ബിച്ചു, ശ്രീഹരി, സിനോജ്, സബിൻ, ആനന്ദ്, ആദർശ് എന്നിവരാണ് നേതൃത്വം നൽകുന്നത്. പഞ്ചായത്ത് വിളിച്ചു ചേർത്ത സർവകക്ഷിയോഗ തീരുമാനപ്രകാരമാണ് കർമ്മ സേനയ്ക്ക് രൂപം നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് ശൈലജാരാജീവൻ, വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാൽ, മെഡിക്കൽ ഓഫീസർ ഡോ. ജോർജ്ജ് മാത്യു, ഹെൽത്ത് ഇൻസ്പെക്ടർ ജിജു സാം, എസ്.ഐ നിസാറുദ്ദീൻ, മെമ്പർമാരായ രാജ് കുമാർ, അരുൺ തുടങ്ങിയവർ സംസാരിച്ചു. പാലോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പൊലീസ് പട്രോളിംഗും. വാഹന പരിശോധനയും ശക്തമാണ്
കോവാക്സിൻ രജിസ്ട്രേഷൻ സൗജന്യമായി ചെയ്തു കൊടുക്കുന്നതിന് ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും കൗണ്ടറുകൾ തുറന്നു. പാലോട് സിംഫണിഗ്രന്ഥശാലയും പൊതുജനങ്ങൾക്ക് കോവാക്സിൻ രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൊവിഡ് ബാധിതരുടെ വീടിന് മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് സ്ത്രീകൾ താമസിക്കുന്ന വീടിനു മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. നന്ദിയോട് ആലുങ്കുഴിയിൽ പാറയം വിളാകത്താണ് സംഭവം.
തുടർന്ന് വാർഡ് അംഗം കാനാവിൽ ഷിബുവിന്റെയും ഫയർഫോഴ്സ് വിതുര യൂണിറ്റിലെ സീനിയർ ഫയർ ഓഫീസർ അശോക് കുമാറിന്റെയും നേതൃത്വത്തിലെത്തിയ സംഘം മരക്കമ്പ് മുറിച്ചുമാറ്റി മേൽക്കൂര ശരിയാക്കി നൽകി.
നന്ദിയോട് 158 രോഗികൾ
നന്ദിയോട് പഞ്ചായത്തിൽ 158 രോഗികളാണുള്ളത്. നവോദയ വാർഡിൽ മാത്രമാണ് കൊവിഡ് രോഗ ബാധ റിപ്പോർട്ട് ചെയ്യാത്തത്. പെരിങ്ങമ്മല പഞ്ചായത്തിൽ നിലവിൽ 115 കൊവിഡ് രോഗികളാണുള്ളത്. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആദിവാസി മേഖലയിൽ വാഹന സൗകര്യം ഇല്ലാത്ത പ്രദേശങ്ങളിൽ മെഡിക്കൽ സംഘത്തെ അയച്ച് കൊവിഡ് പരിശോധന ശക്തമാക്കണമെന്നും വാക്സിനേഷൻ ക്യാമ്പുകൾ ഈ പ്രദേശത്ത് സംഘടിപ്പിച്ച് കുത്തിവയ്പ് നടത്താനുള്ള സൗകര്യം അടിയന്തരമായി ലഭ്യമാക്കാൻ അധികാരികൾ തയ്യാറാകണമെന്ന് വിവിധ ആദിവാസി സംഘടനകൾ ആവശ്യപ്പെട്ടു. നന്ദിയോട് ജനമിത്രയുടെ ആംബുലൻസ് സേവനം സൗജന്യമായി ഏത് സമയത്തും ലഭ്യമാണെന്ന് ബിനു ജനമിത്ര അറിയിച്ചു. ഈ പഞ്ചായത്തുകളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പൊലീസ്, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് പുറമേ ആശവർക്കർമാർ, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങളുമുണ്ട്. ഓരോ വാർഡിന്റെയും രോഗനില പരിശോധിക്കാൻ ഒരു അദ്ധ്യാപകന്റെയും ഒരു പൊലീസ് ഉദ്യോഗസ്ഥന്റെയും ആരോഗ്യ പ്രവർത്തകരുടേയും സേവനം സദാ ലഭ്യമാക്കിയിട്ടുണ്ട്. അനാവശ്യമായി വാഹനങ്ങളിൽ കറങ്ങാനിറങ്ങുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പാലോട് എസ്.ഐ നിസാറുദ്ദീൻ അറിയിച്ചു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസ് എടുക്കുമെന്നും രാത്രി കാല കർഫ്യൂ കർശനമാക്കുമെന്നും പാലോട് സി.ഐ സി.കെ. മനോജ് അറിയിച്ചു. പെരിങ്ങമ്മല പഞ്ചായത്തിലെ കൊച്ചുകരിക്കകം, ഇക്ബാൽ കോളേജ് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാണ്. സൗജന്യ ആംബുലൻസ് സേവനത്തിന് ജനമിത്ര (9447799108, 9447245949).