summer

വേനൽക്കാലം ശക്തിപ്രാപിച്ചതോടെ രോഗങ്ങളുടെ കാഠിന്യവും കൂടിവരികയാണ്. കൊവിഡ് വ്യാപനവും കൂടിയായതോടെ കാര്യങ്ങൾ കൂടുതൽ കലുഷിതമായിട്ടുണ്ട്. തലവേദന, ചർമ്മത്തിലെ ചുവപ്പ്, ചൂടുകുരു... തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നിങ്ങനെ തീവ്രത കൂടിയ അസുഖങ്ങളിലേയ്ക്ക് പട്ടിക നീളുകയാണ്.

ചൂടുകുരു,​ ചുവപ്പ്

വെയിലേൽക്കുമ്പോൾ ചർമ്മത്തിൽ പതിക്കുന്ന അൾട്രാവയല​റ്റ് രശ്മികൾ കാരണം ചുവപ്പ്, ചൊറിച്ചിൽ, വരൾച്ച എന്നീ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു. പനി, ഛർദ്ദി എന്നീ ലക്ഷണങ്ങളും ചിലരിൽ കാണാറുണ്ട്. തൊലി പൊള്ളുന്നതനുസരിച്ച് കുമിളകൾ വരുക, തൊലി അടർന്നു മാറുക എന്നീ പ്രശ്നങ്ങൾ ഉണ്ടാകാം. കൂടുതൽ വിയർക്കുന്നവരിൽ ചൂടുകുരുവും കാണാറുണ്ട്.
ശക്തമായ വെയിലുള്ളപ്പോൾ കഴിവതും പുറത്തിറങ്ങാതിരിക്കുക, സൺ സ്‌ക്രീൻ ലോഷൻ, പൗഡറുകൾ എന്നിവ ഉപയോഗിക്കുക. കുട ഉപയോഗിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും ദിവസേന രണ്ടുതവണ കുളിക്കുന്നതും നല്ലതാണ്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം.

സൂര്യാഘാതം

കൂടുതൽ സമയം തീവ്രതയേറിയ വെയിൽ കൊള്ളുമ്പോൾ തലവേദന, ശരീരത്തിൽ പൊള്ളലുകൾ, ഛർദ്ദി, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അത് സൂര്യാഘാതം കാരണം ആയിരിക്കാം. ഉടൻ തന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തിൽ ഒഴിക്കുകയും ചെയ്യുക. ഐസ് ഉപയോഗിച്ച് ശരീരത്തിന്റെ താപനില കുറയ്ക്കുക. ഒട്ടും താമസിയാതെ ആശുപത്രിയിൽ എത്തിക്കുകയും വേണം.
പകൽ 11 മുതൽ 4 മണി വരെയുള്ള സമയങ്ങളിൽ വെയിൽ കൊള്ളാതിരിക്കുക. കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, ധാരാളം വെള്ളം, ജ്യൂസ്, പഴങ്ങൾ മുതലായവ കഴിക്കുക എന്നതാണ് പ്രതിവിധി. വേനൽകടുക്കുമ്പോൾ ശരീരത്തിൽ നിർജലീകരണം ഉണ്ടാവാതെ ശ്രദ്ധിക്കുക.

വയറിളക്ക രോഗങ്ങൾ

ശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും ഉപയോഗിക്കുമ്പോൾ വയറിളക്കം, കോളറ, ഹെപ്പ​റ്റൈ​റ്റിസ്, ടൈഫോയിഡ് എന്നീ രോഗങ്ങൾ വരാം. ശുദ്ധജലത്തിന്റെ ദൗലഭ്യം വൃത്തിഹീനമായ പരിസരം എന്നീ കാരണങ്ങളാൽ ഭക്ഷണത്തിൽ അണുബാധ ഉണ്ടാകാം. പാകം ചെയ്ത ഭക്ഷണം അന്തരീക്ഷത്തിന്റെ താപവ്യതിയാനം കൊണ്ട് പെട്ടെന്ന് ചീത്തയാകാൻ സാദ്ധ്യതയുണ്ട്.
ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പാക്കുക. ഹോട്ടൽ ഭക്ഷണം കഴിവതും ഒഴിവാക്കുക, വീടുകളിൽ തന്നെ ശുദ്ധജലത്തിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുക തുടങ്ങിയ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്.

ചിക്കൻ പോക്സ്, മീസിൽസ്

പനി, ശരീരത്തിൽ ചുവന്ന പാടുകളും കുമിളകളും,​ തലവേദന, ശരീരവേദന എന്നിവയാണ് ലക്ഷണങ്ങൾ. രോഗിയുടെ അടുത്ത് പോകുമ്പോൾ അയാളുടെ സ്രവങ്ങളുമായി സമ്പർക്കം വരിക, ഉച്ഛ്വാസവായുവിലൂടെ അണുക്കൾ ശ്വസിക്കുക എന്നിവയിലൂടെ രോഗം പകരുന്നു.
അസുഖം പിടിപെട്ടു കഴിഞ്ഞാൽ താമസിയാതെ ഡോക്ടറുടെ സഹായം തേടണം. മരുന്നുകൾക്കൊപ്പം പഴങ്ങൾ, ജ്യൂസ്, എളുപ്പം ദഹിക്കുന്ന ഭക്ഷണം എന്നിവ കഴിക്കണം. ദേഹശുദ്ധി ദിവസവും ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.

കണ്ണുദീനങ്ങൾ

ചെങ്കണ്ണ് പോലുള്ള കണ്ണുദീനങ്ങൾ വേനൽക്കാലത്ത് അധികമായി കാണാറുണ്ട്. രോഗിയുടെ സ്രവങ്ങൾ കൈകളിൽ പ​റ്റുകയും പിന്നീട് നമ്മുടെ കൈകളിൽ നിന്ന് കണ്ണിൽ എത്തുകയും ചെയ്യുമ്പോൾ രോഗം പിടിപെടുന്നു. ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുന്നതുവഴി ചെങ്കണ്ണിനെ മാത്രമല്ല കൊവിഡിനെയും പ്രതിരോധിക്കാം.

ഡോ. ധന്യ വി. ഉണ്ണികൃഷ്ണൻ
കൺസൾട്ടന്റ് ഫിസിഷ്യൻ
എസ്. യു. ടി ഹോസ്പി​റ്റൽ

പട്ടം,​ തിരുവനന്തപുരം.