cow-farming

പോത്തൻകോട്: കൊവിഡിനെ തുടർന്ന് പാൽ വില്പനയിൽ കുറവ് വന്നതും തീറ്റയുടെ വില വർദ്ധിക്കുകയും ചെയ്‌തതോടെ ക്ഷീര കർഷകർ പ്രതിസന്ധിയിൽ. പാൽ സൊസൈറ്റികൾ വഴിയുള്ള സംഭരണത്തിൽ കർഷകർക്ക് ലഭിക്കുന്നത് ലിറ്ററിന് 35 - 40 രൂപയാണ്. ഇതോടെ പശുവളർത്തലിലൂടെ വരുമാനം കണ്ടെത്തിയിരുന്ന സാധാരണക്കാർക്ക് ഇന്ന് നീക്കിയിരിപ്പില്ലാത്ത അവസ്ഥയായി. സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ പലരും പശുവളർത്തൽ മതിയാക്കേണ്ടിവരുമെന്നാണ് ആശങ്ക.

പശുക്കളിലുണ്ടാകുന്ന രോഗവും കർഷകരെ വലയ്‌ക്കുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് നിയന്ത്രണമില്ലാതെ പാൽ എത്തുന്നുണ്ട്. കേരളത്തെ അപേക്ഷിച്ച് ഉത്പാദനച്ചെലവ് കുറഞ്ഞ സംസ്ഥാനങ്ങളിൽ വിലയും കുറവാണ്. അതിനാൽ അവിടെ നിന്ന് പാൽ വാങ്ങി കേരളത്തിൽ മറിച്ചുവിൽക്കുന്നതും സജീവമായിട്ടുണ്ട്. പാലിന്റെ കാര്യത്തിൽ സ്വയം പര്യാപ്തതയാണ് ലക്ഷ്യമെന്ന് സർക്കാർ പറയുമ്പോഴും ദുരിതം കാണാതെ പോകുകയാണെന്നാണ് കർഷകരുടെ പരാതി.

കർഷകരുടെ ആവശ്യം

 സർക്കാർ സമഗ്ര പുൽക്കൃഷി പദ്ധതി നടപ്പിലാക്കണം

 ക്ഷേമനിധി ബോർഡ് ഫലപ്രദമായി ഇടപെടണം

 പുതിയ പദ്ധതികൾ ആവിഷ്‌കരിക്കണം

 തീറ്റ വില വ‌ർദ്ധനവിൽ ഇടപെടണം

 അടിയന്തര ധനസഹായം അനുവദിക്കണം

 കാലിത്തീറ്റ ( ഒരു ചാക്കിന് )​ - മുമ്പ് - 1040,​ ഇപ്പോൾ - 1350

 തവിട് ( ഒരു ചാക്കിന് )​ മുമ്പ് - 970 ,​ ഇപ്പോൾ - 1200

 മിക്സഡ് പൗഡർ മുമ്പ് - 1000,​ ഇപ്പോൾ - 1240 രൂപ

 ജഴ്സി പിണ്ണാക്ക് - 300 രൂപ കൂടി
 പരുത്തിപ്പിണ്ണാക്ക് - 600 മുതൽ 800 രൂപ വരെ കൂടി