കല്ലമ്പലം: പോക്സോ കേസിൽ അറസ്റ്റിലായ സി.പി.എം നേതാവും പഞ്ചായത്തംഗവുമായ സഫറുള്ളയെ പഞ്ചായത്തംഗമായി നിലനിറുത്താനുള്ള സി.പി.എം തീരുമാനം വിവാദമാകുന്നു. അറസ്റ്റ് ചെയ്യപ്പെട്ട ഉടൻ തന്നെ രാജി സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും പാർട്ടിയിലെ ഒരു വിഭാഗം ഇടപെട്ടു രാജി ഒഴിവാക്കുകയായിരുന്നു. പ്രതിയെ പഞ്ചായത്തംഗമായി തുടരുന്നതിന് തീരുമാനമെടുത്ത സി.പി.എം വനിതകളോട് മാപ്പു പറയണമെന്ന് പഞ്ചായത്തോഫീസിന് മുന്നിൽ നടന്ന പ്രതിഷേധാഗ്നി ജ്വലിപ്പിക്കൽ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എസ്. സുഗന്ധി ആവശ്യപ്പെട്ടു.
പോക്സോ കേസ് പ്രതിയുടെ പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ബേബീ രവീന്ദ്രൻ പ്രസിഡന്റ് സ്ഥാനം രാജി വച്ചു മാതൃക കണിക്കണമെന്ന് മഹിളാകോൺഗ്രസ് ആവശ്യപ്പെട്ടു. പഞ്ചായത്തംഗത്തെക്കൊണ്ട് രാജിക്ക് നിർബന്ധിപ്പിച്ചാൽ മറ്റ് ചില സി.പി.എം നേതാക്കളുടെ സമാന പ്രവർത്തികൾ വെളിച്ചത്ത് കൊണ്ടുവരുമെന്ന ഭീഷണിക്കു മുന്നിൽ സി.പി.എം മുട്ടു മടക്കിയിരിക്കുകയാണെന്ന് കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് അഡ്വ. എം.എം. താഹ ആരോപിച്ചു. മരുതിക്കുന്ന് പീഡനക്കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിസ നിസാർ അദ്ധ്യക്ഷത വഹിച്ചു. റീനാ ഫസൽ, ജി.ആർ. സീമ, അഡ്വ. എം.എം. താഹ, കുടവൂർ നിസാം, എൻ. സിയാദ്, എ.ജെ. ജിഹാദ്, എസ്. മണിലാൽ, താജുദ്ദീൻ, ജാസിം, സുകേശൻ, കോൺഗ്രസ് ബാലവേദി മേനപാറ പ്രസിഡന്റ് സിനി എന്നിവർ പങ്കെടുത്തു.