തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോസ്റ്റൽ വോട്ടുകൾ ഞായറാഴ്ച രാവിലെ 8 മുതലും വോട്ടിംഗ് മെഷീനിലെ വോട്ടുകൾ 8.30 മുതലും എണ്ണിത്തുടങ്ങും.
114 കേന്ദ്രങ്ങളിലായി 633 ഹാളുകളാണ് ഒരുക്കിയിരിക്കുന്നത്. 527ഹാളിൽ വോട്ടിംഗ് മെഷീനുകളും 106 എണ്ണത്തിൽ പോസ്റ്റൽ വോട്ടുകളും എണ്ണുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.
2016 ലെ നിയമസഭ തിരഞ്ഞെടുപ്പിന് 140 ഹാളുകളായിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു ഹാളിൽ 14 കൗണ്ടിംഗ് ടേബിളുകളായിരുന്നു. ഇത്തവണ സാമൂഹ്യ അകലം ഉറപ്പാക്കാൻ ടേബിളുകൾ ഏഴായി കുറച്ചിട്ടുണ്ട്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകരുടെ സാന്നിദ്ധ്യത്തിലാണ് വോട്ടെണ്ണൽ. റിസർവ് ഉൾപ്പെടെ 24,709 ജീവനക്കാരെയാണ് വോട്ടെണ്ണലിന് നിയോഗിച്ചിട്ടുള്ളത്. നിരീക്ഷകരുടെയും കൗണ്ടിംഗ് ഏജന്റുമാരുടെയും സാന്നിദ്ധ്യത്തിലാവും സ്‌ട്രോംഗ് റൂമുകൾ തുറക്കുക.
5,84,238 തപാൽ ബാലറ്റുകളാണ് വിതരണം ചെയ്തത്. ഇതിൽ 2,96,691 പേർ 80 വയസ് കഴിഞ്ഞവരും 51,711പേർ ഭിന്നശേഷിക്കാരും 601 പേർ കൊവിഡ് രോഗികളും 32,633 പേർ അവശ്യസർവീസുകാരും 2,02,602 പേർ പോളിംഗ് ഉദ്യോഗസ്ഥരുമാണ്. ഏപ്രിൽ 28 വരെ 4,54,237 പോസ്റ്റൽ വോട്ടുകൾ ലഭിച്ചു.
വോട്ടിംഗ് യന്ത്രങ്ങൾ 140 സ്ട്രോംഗ് റൂമുകളിലും മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് യന്ത്രങ്ങൾ 7 സ്‌ട്രോംഗ് റൂമുകളിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.
49 സി.എ.പി.എഫ് കമ്പനികളാണ് സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷ വഹിക്കുന്നത്. ഇതിനൊപ്പം സ്‌റ്റേറ്റ് ആംഡ് പൊലീസ് ബറ്റാലിയനും സംസ്ഥാന പൊലീസ് സേനയും സുരക്ഷയ്ക്കുണ്ട്.
50,496 ബാലറ്റ് യൂണിറ്റുകളും, 50,496 കൺട്രോൾ യൂണിറ്റുകളും, 54,349 വി.വി പാറ്റ് മെഷീനുകളുമാണ് നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചത്. ഉപതിരഞ്ഞെടുപ്പിന് 2,594 ബാലറ്റ് യൂണിറ്റുകളും, 2,578 കൺട്രോൾ യൂണിറ്റുകളും 2,851 വി.വി പാറ്റ് മെഷീനുകളും ഉപയോഗിച്ചു.