കോവളം: വെങ്ങാനൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 235 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കോവളം, വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലുളള പഞ്ചായത്ത്, നഗരസഭാ മേഖലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സ്‌റ്റേഷൻ ഇൻസ്‌പെക്ടർമാർ അറിയിച്ചു. തട്ടുകടകളിൽ ചായക്കുടിക്കാനെത്തുന്നവർ മാസ്‌ക് ധരിക്കാതെയും സാമൂഹികാകലം പാലിക്കാതെ കൂട്ടം കൂടുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി കർശനമാക്കുന്നതെന്നും കൊവിഡ് മാനദണ്ഡപ്രകാരം അഞ്ചുപേരിൽ കൂടുതലുണ്ടെങ്കിൽ ആദ്യം മുന്നറിയിപ്പും തുടർന്ന് കടകൾ താത്കാലികമായി പൂട്ടിയിടുകയും പിഴയീടാക്കുകയും ചെയ്യുമെന്നും പൊലീസ് അറിയിച്ചു. വ്യക്തമായ കാരണമില്ലാതെ ജനങ്ങൾ യാത്രചെയ്യുന്നതിനാൽ വിഴിഞ്ഞംമുക്കോല, കോവളം, തിരുവല്ലം അടക്കമുളള ഭാഗങ്ങളിൽ പൊലീസിന്റെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തിവരികയാണ്.