ff

നെടുമങ്ങാട്: ശനി,ഞായർ വാരാന്ത്യ കർഫ്യുവിന് മുന്നോടിയായി താലൂക്കിലെ വിവിധ സർക്കാരാശുപത്രികളിൽ നടന്ന ആന്റിജൻ, ആർ.ടി.പി.സി.ആർ പരിശോധനകളിൽ പോസിറ്റിവ് കേസുകളുടെ കുതിച്ചു കയറ്റം. നഗരസഭ പരിധിയിൽ 91 പേരും ഗ്രാമീണ മേഖലയിൽ 99 പേരുമാണ് ഇന്നലെ പോസിറ്റീവായത്.നഗര,ഗ്രാമ വ്യത്യാസമില്ലാതെ അതിതീവ്ര വ്യാപനം മുന്നേറുന്നതായാണ് ആരോഗ്യ വിഭാഗത്തിന്റെ മുന്നറിയിപ്പ്. താലൂക്കിൽ കൊവിഡ് രോഗികളുടെ എണ്ണം 2,498 ആയി ഉയർന്നിട്ടുണ്ട്. 810 പേരിലാണ് ഇന്നലെ പരിശോധന നടത്തിയത്. നെടുമങ്ങാട് ജില്ലാ ആശുപത്രി - 91, വിതുര താലൂക്കാശുപത്രി - 21, പാലോട് സി.എച്ച്.സി - 14, അരുവിക്കര പി.എച്ച്.സി - 10, കന്യാകുളങ്ങര സി.എച്ച്.സി - 11, കല്ലറ സി.എച്ച്.സി - 20, ആനാട് പി.എച്ച്.സി - 12, പുല്ലമ്പാറ പി.എച്ച്.സി - 7, തൊളിക്കോട് പി.എച്ച്.സി - 2, ഭരതന്നൂർ പി.എച്ച്.സി - 1, വാമനപുരം ബി.പി.എച്ച്.സി - 1 എന്നിങ്ങനെയാണ് ഇന്നലത്തെ കണക്ക്. ഇരുപത്തഞ്ചോളം കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ആര്യനാട്, പെരിങ്ങമ്മല, പനവൂർ, വെമ്പായം , ആനാകുടി പ്രൈമറി സെന്ററുകളിൽ മുൻ ദിവസങ്ങളെ അപേക്ഷിച്ച് പോസിറ്റീവ് കേസുകൾ കുറവായത് ആരോഗ്യ പ്രവർത്തകരിലും തദ്ദേശ സ്ഥാപന മേധാവികൾക്കും ആശ്വാസം പകർന്നിട്ടുണ്ട്.

അവലോകനയോഗം ഇന്ന്

വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തുന്നത് സംബന്ധിച്ചുള്ള താലൂക്ക്തല അവലോകനം ഇന്ന് രാവിലെ 11 ന് നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കും. പൊലീസ്,ഫയർഫോഴ്‌സ്, ആരോഗ്യ വിഭാഗം, റവന്യു ഉദ്യോഗസ്ഥർക്ക് പുറമെ, പ്രധാനപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാരും പങ്കെടുക്കും. നെടുമങ്ങാട് മാർക്കറ്റ് ഉൾപ്പെടെ താലൂക്ക് പരിധിയിലെ തിരക്കേറിയ വ്യാപാര കേന്ദ്രങ്ങൾ അടച്ചിടണമെന്ന് ആരോഗ്യവിഭാഗം യോഗത്തിൽ ആവശ്യപ്പെടും.

വാക്സിൻ 367 പേർക്ക്; തർക്കം തുടരുന്നു

വാക്സിനേഷന് തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ കുത്തിവെയ്പ്പിന് എത്തിയവർ തമ്മിൽ തർക്കം പതിവാകുന്നു.ആദ്യഘട്ട കുത്തിവെയ്പ്പിന് എത്തുന്നവരും രണ്ടാംഘട്ടത്തിൽ വാക്സിൻ എടുക്കാൻ വരുന്നവരും തമ്മിലാണ് ഒച്ചപ്പാട്. രണ്ടാം ഡോസ് എടുക്കാൻ എത്തുന്നവർക്ക് മുൻഗണന നൽകണമെന്ന് ആശുപത്രികൾക്ക് നൽകിയിട്ടുള്ള നിർദേശം. പരിമിതമായ വാക്സിനാണ് ആശുപത്രികളിൽ എത്തിയിട്ടുള്ളത്. ജില്ലാ ആശുപത്രിയിൽ ആകെ 210 പേർക്കുള്ള വാക്സിനാണ് അനുവദിച്ചിരുന്നത്. കുത്തിവെയ്പ്പിന് വിളിക്കപ്പെട്ട 160 പേരും രണ്ടാംവട്ട ഇഞ്ചക്ഷന് എത്തിയവരാണ്. നിയമസഭാ വോട്ടെണ്ണൽ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള 39 ഉദ്യോഗസ്ഥർക്ക് താലൂക്കോഫീസിൽ വച്ചും വാക്സിനേഷൻ നടത്തി. ഇതേചൊല്ലിയായിരുന്നു തർക്കം. താലൂക്കിൽ ചുരുക്കം കേന്ദ്രങ്ങളിലാണ് വാക്സിൻ കുത്തിവെയ്പ്പ് നൽകിയത്. ആകെ 367 പേർക്കാണ് വാക്സിൻ ലഭിച്ചത്. പ്രൈമറി എച്ച്.സികളിൽ 118 പേർക്കേ കുത്തിവെയ്പ്പ് നല്കിയുള്ളു.

ഡോക്ടർമാരുടെ പ്രതിഷേധം

ജില്ലാ ആശുപത്രിയിൽ കൊവിഡ് രോഗികളുടെ വാർഡിൽ ഡോക്ടർമാരുടെ പരിചരണം സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ ആരോഗ്യ പ്രവർത്തകർക്ക് പ്രതിഷേധം. പി.പി കിറ്റ് ധരിച്ച് രോഗികൾക്കൊപ്പം വാർഡിൽ കഴിയുന്ന ഡോക്ടർമാരുടെ മേൽനോട്ടത്തിന് നോഡൽ ഓഫീസർമാരുൾപ്പെട്ട ആരോഗ്യ വിദഗ്ദ്ധർ ഉള്ളപ്പോൾ അനാവശ്യ ഇടപെടലാണ് ജില്ലാപഞ്ചായത്ത് നടത്തിയതെന്നും ഡോക്ടർമാരുടെ മനോവീര്യം കെടുത്താനേ ഇത്തരം ഇടപെടലുകൾ ഉപകരിക്കുകയുള്ളൂവെന്നും ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടി. ഫസ്റ്റ് ലൈൻ, സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അഞ്ച് ഡോക്ടർമാർ അടങ്ങുന്ന സ്പെഷ്യൽ മെഡിക്കൽ ടീം പ്രവർത്തിക്കുന്നുണ്ട്. ജില്ലാ ആശുപത്രി കൊവിഡ് വാർഡിലെ 12 കിടക്കകളിലും രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. എസ്.യു.ടി സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ 10 പേരെ പ്രവേശിപ്പിച്ചു. വാളിക്കോട് റിംസ് ആശുപത്രിയിൽ 80 പേരാണ് ചികിത്സയിലുള്ളത്.

യാത്രാമൊഴി കൂടാതെ പത്താംക്ളാസുകാർ !

എസ്.എസ്.എൽ.സി പരീക്ഷ അവസാനിച്ച ഇന്നലെ വിദ്യാലയ മുറ്റങ്ങളിൽ കൂട്ടുകാർ തമ്മിലുള്ള പതിവ് യാത്രാമൊഴികളോ വിടവാങ്ങൽ കാഴ്ചകളോ ഉണ്ടായില്ല. കൂട്ടം കൂടിയ കുട്ടികളെ പൊലീസും ഹെൽത്ത് സേഫ്ടി സ്ക്വാഡും ചേർന്ന് പിന്തിരിപ്പിക്കുകയായിരുന്നു. വിവാഹ വീടുകളിലും മണ്ഡപങ്ങളിലും പാചകപ്പുരകളിലും ആരോഗ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടു. നെടുമങ്ങാട് ഹെൽത്ത് സ്ക്വാഡ് ഇൻസ്പെക്ടർമാരായ കിരൺ, ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിരോധ നടപടികൾ. നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ വിനോദ്‌കുമാറിന്റെ മേൽനോട്ടത്തിൽ നഗരത്തിലും അരുവിക്കര, പാലോട്, വിതുര, ആര്യനാട് സ്റ്റേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രധാന ജംഗ്‌ഷനുകളിലും നിരത്തുകളിലും പ്രോട്ടോക്കോൾ പരിശോധനയും കർശനമാക്കിയിരുന്നു.

സ്രവപരിശോധന ഇന്ന്

നെടുമങ്ങാട് താലൂക്കിൽ ഇന്ന് സ്രവപരിശോധന നടക്കുന്ന കേന്ദ്രങ്ങൾ ചുവടെ. നെടുമങ്ങാട് ജില്ലാ ആശുപത്രി, പൂവത്തൂർ യു.പി.എച്ച്.സി, വിതുര താലൂക്കാശുപത്രി, അരുവിക്കര പി.എച്ച്.സി, ഭരതന്നൂർ പി.എച്ച്.സി, കല്ലറ സി.എച്ച്.സി, വെള്ളനാട് സി.എച്ച്.സി, ആര്യനാട് പി.എച്ച്.സി, കന്യാകുളങ്ങര പി.എച്ച്.സി, പുല്ലമ്പാറ പി.എച്ച്.സി, വാമനപുരം പി.എച്ച്.സി.