jessica

1999 ഏപ്രിൽ 29നും 30 നും ഇടയിലുള്ള അർദ്ധരാത്രി... ഡൽഹിയിലെ ആഡംബര റസ്റ്റോറന്റായ റ്റാമരിന്റ് കോർട്ടിൽ ഉടമയും ഫാഷൻ ഡിസൈനറുമായ ബീന രമണി സംഘടിപ്പിച്ച പാർട്ടി അവസാനിച്ചിരിക്കുന്നു. സെലിബ്രിറ്റികൾ ബാർറ്റെൻഡർമാരായി എത്തിയ പാർട്ടിയായിരുന്നു അത്. ബീനയുടെ മകൾ മാലിനിയും സുഹൃത്തും സെലിബ്രിറ്റി മോഡലുമായ ജെസീക്ക ലാലും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

ഏകദേശം പുലർച്ചെ 2 മണിയോടെ മദ്യപിച്ച ഒരു യുവാവ് അവിടേക്ക് കടന്നുവന്നു. അയാളുടെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. കൂടുതൽ മദ്യം ആവശ്യപ്പെട്ട് അവർ റെസ്റ്റോറന്റിലെ ബാറിലേക്ക് ഇരച്ചുകയറി. എന്നാൽ പാർട്ടി അവസാനിച്ചെന്നും മദ്ധ്യം ഇനി ലഭിക്കില്ലെന്നും ബാർ‌മെയ്‌‌ഡായിരുന്ന ജെസീക്ക ലാൽ അവരെ അറിയിച്ചു. ജെസീക്കയുടെ പ്രതികരണത്തിൽ കുപിതനായ അയാൾ തന്റെ തോക്ക് പുറത്തെടുത്ത് ആദ്യം സീലിംഗിലേക്കും പിന്നീട് 34 കാരിയായ ജെസീക്കയുടെ നെറ്റിയിലേക്കും വെടിയുതിർത്തു. സ്ഥലത്തുണ്ടായിരുന്നവർ ജെസീക്കയെ അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെയോടെ മരണം സ്ഥിരീകരിച്ചു.

രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ' ജെസീക്ക ലാൽ കൊലക്കേസിലെ " ആ പ്രതി സിദ്ധാർത്ഥ് വസിഷ്ഠ് എന്ന മനു ശർമ്മ ആയിരുന്നു. ജെസീക്ക കൊല്ലപ്പെട്ടിട്ട് 22 വർഷങ്ങൾ തികഞ്ഞിരിക്കുന്നു. പക്ഷേ, മനു ശർമ്മയ്ക്ക് അർഹിയ്ക്കുന്ന ശിക്ഷ ലഭിച്ചോ ? വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിൽ കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷാ കാലയളവിൽ ഇളവ് വരുത്തി 2020 ജൂൺ 1ന് മനു ശർമ്മ തീഹാർ ജയിലിൽ നിന്ന് മോചിതനായിരുന്നു. 2023 മേയ് 6നായിരുന്നു മനുവിന്റെ ശിക്ഷ പൂർത്തിയാകേണ്ടിയിരുന്നത്. ജയിലിലെ നല്ല നടപ്പ് ചൂണ്ടിക്കാട്ടി ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബയ്‌ജ്‌ലാൽ ആണ് മനു ശർമ്മയുടെ ശിക്ഷ ഇളവ് ചെയ്യാൻ ഉത്തരവിട്ടത്.

 ആരാണ് മനു ശർമ്മ

മുൻ എം.പിയും ഹരിയാനയിലെ കോൺഗ്രസ് നേതാവുമായിരുന്ന വിനോദ് ശർമ്മയുടെ മകനാണ് മനു ശർമ്മ. കൊലപാതകത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട മനു ശർമ്മ അയാളുടെ അറസ്റ്റിനായി രാജ്യ വ്യാപക മുന്നറിയിപ്പ് പുറപ്പെടുവിച്ചതോടെ മേയ് 6ന് ചണ്ഡിഗഢിലെ കോടതിയിലാണ് കീഴടങ്ങിയത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് മനു ശർമ്മയ്ക്ക് മേൽ ചുമത്തിയത്. നിരവധി പേരാണ് ജെസീക്കയുടെ മരണത്തിന് ദൃക്‌സാക്ഷികളായത്. സെലിബ്രിറ്റികളും ഇക്കൂട്ടത്തിൽപ്പെടുന്നു. എന്നാൽ, വിചാരണക്കോടതിയിൽ സാക്ഷികളെല്ലാം കൂറുമാറി. മനുവിന്റെ കുടുംബത്തിനുണ്ടായിരുന്ന ശക്തമായ സ്വാധീനം തന്നെയാണ് ഇതിന് പിന്നിൽ. കേസിലെ മുഖ്യ സാക്ഷിയും ബോളിവുഡ് നടനുമായ ശായൻ മുൻഷിയുടെ മൊഴിമാറ്റമാണ് ഏവരെയും ഞെട്ടിച്ചത്. കേസിലെ പരാതിക്കാരൻ കൂടിയായിരുന്നു മുൻഷി.

മനു ജെസീക്കയെ കൊല്ലുന്നത് താൻ കണ്ടിട്ടില്ലെന്നും പരാതി താൻ എഴുതിയിട്ടില്ലെന്നുമാണ് 2001ൽ വിചാരണയ്ക്കിടെ മുൻഷി പറഞ്ഞത്. പരാതി ഹിന്ദിയിലായിരുന്നു എഴുതിയതെന്നും ബംഗാളിയായ തനിക്ക് ഹിന്ദി അറിയില്ലെന്നുമായിരുന്നു മുൻഷിയുടെ വാദം. എന്നാൽ, മുൻഷിയ്ക്ക് ഹിന്ദി എഴുതാനും വായിക്കാനുമറിയാമെന്ന് ഡൽഹി പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു. വിചാരണ നീണ്ട് പോവുകയും സാക്ഷികളോ തെളിവുകളോ ഇല്ലെന്ന സ്ഥിതിയാവുകയും ചെയ്തതോടെ 2006 ഫെബ്രുവരിയിൽ മനു ശർമ്മ ഉൾപ്പെടെ പ്രതിചേർക്കപ്പെട്ട എട്ടുപേരെ വിചാരണ കോടതി വെറുതേ വിട്ടു.

 വർഷങ്ങൾ നീണ്ട നിയമ പോരാട്ടം

മനു ശർമ്മയെ വെറുതെ വിട്ടതിൽ രാജ്യവ്യാപകമായി വൻ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. തുടർന്ന് ഡൽഹി ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. നേരത്തെ കേസന്വേഷിച്ച ചില ഉദ്യോഗസ്ഥർക്ക് പ്രതികളുമായി ബന്ധമുണ്ടായിരുന്നതായി കണ്ടെത്തി. പഴയ സാക്ഷി മൊഴികളിലേക്ക് അന്വേഷണം വീണ്ടും നീണ്ടു. സംഭവ ദിവസം രാത്രി പാർട്ടിയ്ക്കിടെ മനു ശർമ്മയെ കണ്ടിരുന്നതായി ബീന രമണിയും മകൾ മാലിനിയും മൊഴിയിൽ ഉറച്ചു നിന്നു. 2006 ഡിസംബറിൽ മനു ശർമ്മ, സുഹൃത്തുക്കളായ വികാസ് യാദവ്, അമർദീപ് സിംഗ് ജിൽ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തി. 2002 ഫെബ്രുവരി 17ന് രാജ്യത്തെ നടുക്കിയ നിതീഷ് കഠാര കൊലക്കേസിലെ മുഖ്യപ്രതിയാണ് ഉത്തർപ്രദേശിലെ ക്രിമിനൽ പശ്ചാത്തലമുള്ള ശക്തനായ രാഷ്ട്രീയ നേതാവ് ഡി.പി. യാദവിന്റെ മകനായ വികാസ് യാദവ്.

മനുവിന് ജീവപര്യന്തം തടവിനും മറ്റ് രണ്ട് പേർക്ക് നാല് വർഷം തടവിനും ഹൈക്കോടതി ഉത്തരവിട്ടു. 2010ൽ സുപ്രീം കോടതിയും ഇത് ശരിവച്ചു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മനു ശർമ്മയ്ക്കായി രാജ്യത്തെ ഏറ്റവും മികച്ച അഭിഭാഷകരിൽ ഒരാളായ റാം ജത്‌മലാനിയെ ആണ് കുടുംബം തിരഞ്ഞെടുത്തത്.

 ജയിലിലെ അച്ചടക്കം

തടവറയിൽ കയറിയ നാൾ മുതൽ മനു ശർമ്മയ്ക്ക് കൂട്ടായി പരോളുകളുമുണ്ടായിരുന്നു. ഏറ്റവുമൊടുവിൽ കുറ്റവിമുക്തനാക്കപ്പെടുമ്പോഴും ജയിലിൽ കൊവിഡ് സാഹചര്യത്തിൽ സാമൂഹ്യ അകലം ഉറപ്പാക്കാൻ പരോൾ അനുവദിക്കപ്പെട്ടവരുടെ കൂട്ടത്തിൽ മനു ശർമ്മയുമുണ്ടായിരുന്നു. 2020 ഏപ്രിൽ ആദ്യ വാരമായിരുന്നു മനുവിന് പരോൾ ലഭിച്ചത്. മനുവിന് ജയിൽപ്പുള്ളികളോടുള്ള മാന്യമായ സമീപനവും അച്ചടക്കവും മനു ശർമ്മയുടെ പേരിലുള്ള സന്നദ്ധ സംഘടന പുറത്തുനടത്തുന്ന സേവനങ്ങളും ശിക്ഷ ഇളവ് ലഭിക്കാൻ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. അവസാന രണ്ട് വർഷവും ഓപ്പൺ ജയിലിലായിരുന്ന മനു രാത്രി മാത്രമാണ് സെല്ലിൽ എത്തിയിരുന്നത്. പകൽ സമയം ഒരു എൻ.ജി.ഒയിൽ ജോലി ചെയ്തിരുന്നു.

 ജെസീക്കയ്ക്ക് നീതി ലഭിക്കുന്നതിന് മുന്നേ 2000ൽ മാതാവ് മേയ് ലാൽ മരണത്തിന് കീഴടങ്ങി. മസ്തിഷ്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് പിതാവ് അജിത്‌കുമാർ ലാൽ 2006ലും മരിച്ചു. പിന്നീട് ജെസീക്കയ്ക്ക് വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തിയത് സഹോദരി സബ്രീന ആയിരുന്നു. 2006 മുതൽ തീഹാർ ജയിലിൽ കഴിയുന്ന മനു ശർമ്മയ്ക്ക് മാപ്പ് നൽകിയതായും ജയിൽ മോചനത്തിന് തടസമുന്നയിക്കുന്നില്ലെന്നും 2018 ഏപ്രിലിൽ സബ്രീന അറിയിച്ചിരുന്നു. ജെസീക്ക ലാൽ കേസിനെ ആസ്പദമാക്കി 2011ൽ ' നോ വൺ കിൽഡ് ജെസീക്ക " എന്ന ബോളിവുഡ് ചിത്രം പുറത്തിറങ്ങിയിരുന്നു.