arrest

ശ്രീകാര്യം: ഇടവക്കോട് കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റിയ സംഭവത്തിൽ അക്രമി സംഘത്തിലെ ശ്രീകാര്യം സ്വദേശികളായ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു.

കൃത്യം നടത്തിയ ആറംഗ സംഘമുൾപ്പെടെ ഗൂഡാലോചനയിലും ആസൂത്രണത്തിലും കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റ് പ്രതികളും പൊലീസ് നിരീക്ഷണത്തിലാണ്. ആർ.എസ്.എസ്. കാര്യവാഹകായിരുന്ന രാജേഷ് വധക്കേസിലെ നാലാം പ്രതി എബിക്ക് കഴിഞ്ഞ ദിവസമാണ് വെട്ടേറ്റത്. രണ്ടു ബൈക്കുകളിലും കാറിലുമെത്തിയ സംഘമാണ് വെട്ടിയത്. രാവിലെ 11 .30 ന് ഇടവക്കോട് പ്രതിഭാനഗറിലായിരുന്നു സംഭവം. അക്രമണത്തിൽ വലത് കാൽ വെട്ടിമാറ്റപ്പെട്ട നിലയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എബിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. അക്രമത്തെ തുടർന്ന് നഗരത്തിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കി.