പാറശാല: കൊവിഡിന്റെ രണ്ടാം വരവിനെ തുടർന്ന് ഇന്നലെ ഒരാൾ കൂടി മരിച്ചതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം പാറശാലയിൽ മൂന്നായി. കഴിഞ്ഞ ദിവസം കുഴഞ്ഞ് വീണ് മരിച്ച മേലക്കോണം വാർഡിലെ സുകുമാരൻ നായരിൽ നടത്തിയ പരിശോധനകളിലൂടെ കൊവിഡ് സ്ഥിതീകരിക്കുകയായിരുന്നു. പാറശാല ടൗൺ, കീഴത്തോട്ടം വാർഡുകളിലാണ് മറ്റ് രണ്ട് പേർ മരിച്ചത്. പാറശാല പഞ്ചായത്തിൽ ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ച 25 പേർ ഉൾപ്പെടെ ആകെ 184 പേർ ഇപ്പോൾ ചികിത്സയിലാണ്. പാറശാല പഞ്ചായത്തിൽ നടത്തിയ പരിശോധനകളിലൂടെ ടെസ്റ്റ് പോസിറ്റിവിറ്റി 25 ശതമാനത്തിൽ കൂടുതലാണെന്ന് കണ്ടതിനെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം പാറശാല പഞ്ചായത്തിലും കഴിഞ്ഞ ദിവസം നിരോധനാജ്ഞ ഏർപ്പെടുത്തി.