
തിരുവനന്തപുരം : കൊവിഡ് പരിശോധനയ്‌ക്ക് സ്വകാര്യ ലാബുകൾ നടത്തിവന്ന പകൽകൊള്ളയ്ക്ക് അവസാനമായി. കൊവിഡ് പരിശോധനയ്ക്ക് രാജ്യത്ത് ഏറ്റവും കൂടുതൽ ചാർജ് ഈടാക്കുന്ന സംസ്ഥാനമെന്ന പഴികേട്ടതിന് പിന്നാലെ നിരക്ക് 1700 രൂപയിൽ നിന്ന് 500 രൂപയായി സർക്കാർ കുറച്ചു. ഇന്നു മുതൽ സ്വകാര്യ ലാബുകളും ആശുപത്രികളും ഈ നിരക്കാവും ഈടാക്കുക. സർക്കാർ ആശുപത്രികളിൽ പരിശോധന സൗജന്യമാണ്.
പരിശോധനാ കിറ്റുകൾക്ക് വിലകുറഞ്ഞിട്ടും ജനങ്ങളെ കൊള്ളയടിക്കാൻ സർക്കാർ കൂട്ടുനിൽക്കുന്നു എന്ന ആക്ഷപം വ്യാപകമായിരുന്നു. അതേസമയം തലസ്ഥാനത്ത് ഐ.എം.എ 700 രൂപയ്ക്ക് പരിശോധന ആരംഭിക്കുകയും ചെയ്തിരുന്നു.
ലാബുകളുടെ കൊള്ളയടിയും ജനങ്ങളുടെ ദുരിതവും കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. അയൽ സംസ്ഥാനങ്ങളിൽ പഠിക്കുന്ന കുട്ടികൾ ഉൾപ്പെടെ സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നവർക്കെല്ലാം ആർ.ടി.പി.സി.ആർ പരിശോധനാഫലം നിർബന്ധമായിരിക്കെ നിരക്ക് കുറച്ചത് ജനങ്ങൾക്ക് ഏറെ ആശ്വാസമാകും. ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാർജ് തുടങ്ങിയവ ഉൾപ്പെടെയാണ് പുതിയ നിരക്ക്.
ഐ.സി.എം.ആർ അംഗീകരിച്ച പരിശോധനാ കിറ്റുകൾക്ക് വില കുറഞ്ഞതിനാലാണ് പരിശോധനാ നിരക്കും കുറച്ചതെന്നാണ് സർക്കാർ വിശദീകരണം. ഇതോടെ കൊവിഡ് പരിശോധനാ നിരക്ക് കുറവുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും എത്തും. രാജ്യത്ത് ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് ഏറ്റവും കുറഞ്ഞ നിരക്ക് ഒഡിഷയിലാണ് - 400രൂപ.
കൊവിഡിന്റെ തുടക്കത്തിൽ ആർ.ടി.പി.സി.ആർ നിരക്ക് 2750 രൂപയായിരുന്നു. പിന്നീട് 1700 ആക്കി. പിന്നാലെ 1500 ആക്കിയെങ്കിലും ലാബുകൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വീണ്ടും 1700 ആയി ഉയർത്തിയത്.