പെരുമ്പാവൂർ: സവാള ചാക്കുകൾ സിമന്റിൽ മുക്കിയെടുത്ത് നിർമ്മിച്ചെടുത്ത പൂച്ചട്ടികൾ, ഉപയോഗശൂന്യമായ സി.ഡികൾ, കുപ്പിവളകൾ തുടങ്ങിയവ ഉപയോഗിച്ചുള്ള ശില്പങ്ങൾ, വാട്ടർബോട്ടിലുകൾ കൊണ്ട് പൂക്കൂടകൾ, കൊവിഡിനെ പ്രതിരോധിക്കാൻ വിചിത്രങ്ങളായ മാസ്‌ക്കുകൾ, അപൂർവമായി കാണുന്ന പൂച്ചെടികളുടെ ശേഖരം! ഗുരുസാന്നിധ്യമില്ലാതെ ചിത്രകലയിലും ക്രാഫ്റ്റിലും മികവു പുലർത്തുകയാണ് ഒന്നാം മൈൽ മാർത്തോമ കോളേജിന് സമീപം മടത്തിൽ കുടിവീട്ടിൽ പതിനാലുകാരിയായ എം.എം. അങ്കിത. എല്ലാവരും വലിച്ചെറിയുന്നതെല്ലാം അങ്കിതയുടെ കരങ്ങളിലൂടെ കാഴ്ചകളെ വിസ്മയിപ്പിക്കുന്ന ശില്പങ്ങളായി മാറുകയാണ്.
അങ്കിതയുടെ ചിത്രവീട്
ഓടിട്ട ചെറിയ വീടിന്റെ ചുമരുകളിൽ ഒരിടം പോലും ബാക്കിയാക്കാതെ ശില്പങ്ങളും ചിത്രങ്ങളും തീർത്ത് വീടിനകം ചിത്ര വീടാക്കി മാറ്റിയിരിക്കയാണ്. മൂന്നാമത്തെ വയസ് മുതൽ അച്ഛൻ മണിക്കുട്ടനും അമ്മ അമ്പിളിയും വാങ്ങി കൊടുത്ത കളർ ചോക്കുകൾ കൊണ്ട് ചുമരുകളിൽ കുത്തിവരച്ചിട്ട പാഴ്‌വരകളാണ് ചിത്രകലയിലേക്കുള്ള സഞ്ചാരമായത്. കോഴിയും താറാവും കുരങ്ങനും സിംഹവും ചുമരുകളിലെ ചിത്രഭാവങ്ങളാണ്. തന്റെ വെള്ളപൂശിയ വീട്ടിലെ ചുവരുകൾ മാത്രമല്ല, അങ്കിത പഠിച്ച ഒന്നാം മൈൽ 14-ാം നമ്പർ അങ്കണവാടിയിലെ ചുവരുകളിലും അയൽപക്കത്തെ ചിലമ്പിക്കോടൻ വീട്ടിൽ ബേബിയുടെ പുതിയ വീടിന്റെ മുൻവശവും അങ്കിതയുടെ ചിത്രങ്ങളിൽ മിന്നുകയാണ്. അങ്കണവാടിയിലെ ടീച്ചർ മിനി വീട് സന്ദർശിച്ചപ്പോഴാണ് അങ്കിതയുടെ കഴിവുകൾ കണ്ടെത്തിയത്. ഇപ്പോൾ അങ്കണവാടിയിലെ കുഞ്ഞുങ്ങളുടെ പഠന മുറിയിലെല്ലാം കഥ പറയാവുന്ന ചിത്രങ്ങൾ വരച്ച് അങ്കിത നിറച്ചിരിക്കുകയാണ്. വരച്ചിട്ട ചിത്രങ്ങളെല്ലാം ടീച്ചർ ജില്ലാ മിഷനിലേക്ക് അയച്ചുകൊടുത്തു. അതിനു ശേഷമാണ് അഭിനന്ദനങ്ങളുടെ പ്രവാഹമെത്തിയത്.
കഴിഞ്ഞ ഒരു വർഷമായി കൊവിഡ് വ്യാപനംമൂലം പുറത്തിറങ്ങാത്ത വിരസതയിൽ നിന്നാണ് വീടു മുഴുവൻ ചിത്രങ്ങളും ശില്പങ്ങളും കൊണ്ടു നിറച്ചത്. വീടിരിക്കുന്ന ഒമ്പതു സെന്റോളം വരുന്ന സ്ഥലത്ത് പലയിനം സസ്യങ്ങൾ കൊണ്ട് പൂങ്കാവനം തീർത്തു. അപൂർവമായി ലഭിക്കുന്ന പപ്പായ, ആപ്പിൾ ചെറി, ഫാഷൻ ഫ്രൂട്ട്, വിവിധയിനം മത്സ്യങ്ങൾ വളരുന്ന മീൻകുളങ്ങൾ, പച്ചക്കറികൾ, പക്ഷികൾ എന്നിവയെല്ലാം അങ്കിതയുടെ ചിത്രവീട്ടിലെ സൗന്ദര്യങ്ങളാണ്. പൂക്കൾ നിറഞ്ഞ വീട്ടുമുറ്റത്ത് കൂട്ടുകാരായി ചിത്രശലഭകങ്ങളും കരിവണ്ടുകളുമുണ്ട്. ചിത്രരചന പഠിപ്പിക്കാൻ വിടണമെന്ന് ഇരിങ്ങോൾ ഹയർ സെക്കൻഡറി സ്‌കൂളിലെ ക്ലാർക്കായ അച്ഛൻ മണിക്കുട്ടന് ആഗ്രഹമുണ്ട്. പെരുമ്പാവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ 8ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഏക സഹോദരൻ അഭിനവ്.