road

വെഞ്ഞാറമൂട്: തോടും പുറമ്പോക്ക് ഭൂമിയും മണ്ണിട്ട് നികത്തി നിർമ്മാണം തുടങ്ങിയത് നാട്ടുകാരുടെ പരാതിയിൻമേൽ തടഞ്ഞ് അധികൃതർ. നെല്ലനാട് പഞ്ചായത്തിൽ തണ്ടറാൻ പൊയ്ക - അയിലൂർകോണം റോഡിൽ തോടും കുളവും സ്വകാര്യവ്യക്തികൾ നികത്തിയെന്നാരോപിച്ച് ലഭിച്ച പരാതിയിലാണ് നടപടി.

മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്ത് സർക്കാർ പുറമ്പോക്ക് ഉൾപ്പെടെ മൂന്ന് വലിയ തോടുകളും കുളവും ഉണ്ടായിരുന്നെന്നും, മത്സ്യ കൃഷി, യമു വളർത്തൽ തുടങ്ങീ പദ്ധതികൾക്ക് കുളം നിർമിക്കുകയാണെന്ന് നാട്ടുകാരെ ബോധിപ്പിച്ചുയന്ത്രങ്ങൾ ഉപയോഗിച്ച് ഇവ നികത്തിയെന്നും പരാതിയിൽ പറയുന്നു.

നാട്ടുകാരുടെ പരാതി ലഭിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിക്കുകയും പുറമ്പോക്ക് ഭൂമി കണ്ടെത്തുന്നതിന് വസ്തു അളന്നു തിട്ടപ്പെടുത്താൻ വില്ലേജ് അധികൃതർ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബീനാരജേന്ദ്രൻ പറഞ്ഞു.പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സ്ഥലത്ത് തോടും പുറമ്പോക്ക് ഉൾപ്പെടെ കരഭൂമിയുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ടന്നും മൂന്ന് പേരുടെ ഉടമസ്ഥതയിലാണന്നും കണ്ടെത്തി. പുറമ്പോക്ക് സ്ഥലം മണ്ണിട്ട് നികത്തിയെന്നു കണ്ടെത്താനായെന്നും പുറമ്പോക്ക് പുനർ സ്ഥാപിക്കണമെന്നു കാണിച്ചു ഉടമകൾക്ക് നോട്ടിസ് നൽകിയെന്നും നെല്ലനാട് വില്ലേജ് ഓഫീസർ അറിയിച്ചു.