കിളിമാനൂർ: കിളിമാനൂരിന്റെ ചരിത്രത്തിൽ ഇടം പിടിച്ചിരുന്ന കൊച്ചു പാലം ഇനി ഓർമ്മ. കാലപ്പഴക്കവും, കേടുപാടുകളും സംഭവിച്ച കൊച്ചു പാലം പൊളിച്ച് പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ ദിവസം തുടക്കമായി. ചരിത്ര സ്മൃതികളും പേറി ചിറ്റാറിന്റെ കൈവഴിക്ക് കുറുകെ സംസ്ഥാന പാതയെയും, ദേശീയ പാതയെയും ബന്ധിപ്പിക്കുന്ന കിളിമാനൂർ - ആലംകോട് റോഡിലെ കൊച്ചുപാലം വാഹനത്തിരക്കേറുകയും, വീതിയേറിയ റോഡുകൾ വരുകയും ചെയ്തതോടെ പൊളിച്ച് പുതിയ പാലം നിർമ്മിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. പാലം പുതുക്കിപ്പണിയണമെന്ന പ്രദേശവാസികളുടെയും പഴയ കുന്നുമ്മൽ പഞ്ചായത്തിന്റെയും ദീർഘകാലമായുള്ള ആവശ്യമാണ് ഇതോടൊപ്പം സാക്ഷാത്കരിക്കപ്പെടുന്നത്. പാലത്തിന്റെ നിർമ്മാണ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. ഡബിൾ ലയർ വരുന്ന ട്വിൻ കൽവെർട് മാതൃകയിൽ രണ്ട് മാസമാണ് നിർമാണ കാലാവധി. കഴിഞ്ഞ ദിവസം നിലവിലെ പാലം പൊളിക്കൽ ആരംഭിച്ചു. ബി. സത്യൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ സലിൽ, അനിൽകുമാർ, എ.എക്സ്.ഇ അജിത് കുമാർ, എ.ഇ അരവിന്ദ് എന്നിവർ പങ്കെടുത്തു.