കല്ലറ: പാങ്ങോട് പഞ്ചായത്തിലെ ഭരതന്നൂർ ഗവൺമെന്റ് ആശുപത്രിയിൽ വാക്സിനേഷൻ തുടങ്ങി. പതിമൂന്ന് വാർഡുകൾ കണ്ടെയിൻമെന്റ് സോണായിട്ടുള്ള പാങ്ങോട് പഞ്ചായത്തിലെ ഏക സർക്കാർ ആശുപത്രിയാണ് ഭരതന്നൂരിലേത്. തോട്ടം തൊഴിലാളികളും പട്ടികജാതിവർഗവിഭാഗത്തിൽപ്പെട്ട നിരവധി കോളനികളുള്ള ഈ പ്രദേശത്തെ ഏക ആശ്രയമായിരുന്ന ഈ ആശുപത്രിയിൽ ആദ്യ ദിവസങ്ങളിൽ വാക്സിനേഷൻ സൗകര്യം ഒരുക്കിയിരുന്നങ്കിലും പിന്നീടത് നിറുത്തിവയ്ക്കുകയായിരുന്നു. മേഖലയിലുള്ളവർ കിലോ മീറ്ററുകൾ സഞ്ചരിച്ച് കല്ലറയിലോ, പാലോടുള്ള ആശുപത്രികളിൽ പോയാണ് വാക്സിൻ സ്വീകരിച്ചിരുന്നത്. മലയോര മേഖല എന്ന പരിഗണന നൽകി ഭരതന്നൂർ ഗവൺമെന്റ് ആശുപത്രിയിൽ വാക്സിനേഷൻ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എം.എം. ഷാഫി ഉന്നതാധികൃതർക്ക് നിവേദനം നൽകിയിരുന്നു.