covid

മുക്കം: കൊവിഡ് മഹാമാരി മലയോരത്ത് പിടിമുറുക്കുന്നു. കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയായ തിരുവമ്പാടി, കൂടരഞ്ഞി, കാരശേരി, കൊടിയത്തൂർ പഞ്ചായത്തുകളും മുക്കം നഗരസഭയും ഉൾപെടുന്ന മലയോര മേഖലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് അനുദിനം ഉണ്ടായികൊണ്ടിരിക്കുന്നത്. മുക്കം നഗരസഭയിൽ ഇന്നലെ 65 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ച 34 പേരാണ് രോഗബാധിതരായത്. തിരുവമ്പാടിയിൽ ഇന്നലെ മാത്രം 57 പേർക്ക് രോഗബാധ കണ്ടെത്തി. കാരശ്ശേരിയിൽ 47 പേരാണ് ഇന്നലെ രോഗബാധിതരായത്. കൊടിയത്തൂരിൽ ഇന്നലെ 73 പേരാണ് കൊവിഡിന്റെ പിടിയിൽ പെട്ടത്.
മലയോരത്തെ മറ്റ് പഞ്ചായത്തുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. രോഗികളും രോഗികളുമായി സമ്പർക്കത്തിനിടയായവരും പങ്കെടുക്കുന്ന സ്രവ പരിശോധന ക്യാമ്പ് തിരക്കിനിടയിൽ സി.എച്ച്.സിയിൽ നടത്തുന്നതിനെ ചൊല്ലി പരാതി ഉയർന്നതിനെ തുടർന്ന് ഹിറ റസിഡൻഷ്യൽ സ്‌കൂളിലേയ്ക്ക് മാറ്റിയിരുന്നു. അവിടെ ഇന്നലെ 190 പേരുടെ സ്രവ സാമ്പിൾ എടുത്തതിൽ 63 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 14 പേർ മുക്കം നഗരസഭയ്ക്ക് പുറത്തുള്ളവരാണ്. ഇതിനു പുറമെ സ്വകാര്യ ലാബുകളിൽ പരിശോധന നടത്തിയ 16 പേരുടെ ഫലം കൂടി ചേർന്നപ്പോളാണ് രോഗബാധിതരുടെ സംഖ്യ 65ൽ എത്തിയത്.

തിരുവമ്പാടിയിൽ ഇന്നലെ നടത്തിയ പരിശോധന ക്യാമ്പിൽ 125 പേരെ പരിശോധിച്ചതിലാണ് 34 പേർക്ക് രോഗബാധ കണ്ടെത്തിയത്. മറ്റു കേന്ദ്രങ്ങളിലെ പരിശോധന ഫലം കൂടി ചേർത്താണ് 57. പ്രതിദിനം 200 പേർക്ക് പ്രതിരോധ വാക്‌സിൻ നൽകേണ്ടുന്ന മുക്കം സി.എച്ച്.സിയിൽ ഇന്നലെ നൽകിയത് 50 പേർക്ക്. വാക്‌സിൻ ക്ഷാമമാണ് കാരണമെന്നറിയുന്നു. മറ്റു കേന്ദ്രങ്ങളിലും ഇന്നലെ വാക്‌സിൻ ക്ഷാമം അനുഭവപ്പെട്ടു.
രോഗവ്യാപനം തടയാനുള്ള ശ്രമമെന്ന നിലയിൽ കാരശ്ശേരി പഞ്ചായത്ത് പ്രതിരോധ നടപടികൾ വീടുകളിലേയ്ക്ക് വ്യാപിപ്പിച്ചു. നിലവിലെ പ്രതിരോധങ്ങളെല്ലാം മറികടന്ന് മഹാമാരി കുതിപ്പ് തുടരുന്ന സാഹചര്യത്തിലാണ് ബോധവത്കരണവും നിർദ്ദേശങ്ങളുമായി അധികൃതർ വീടുകൾ സന്ദർശിക്കുന്നത്. പഞ്ചായത്തധികൃതരോടൊപ്പം ജനമൈത്രി പൊലീസും ആശ വർക്കർമാർ, ആർ.ആർ.ടി. അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവരും ഈ യജ്ഞത്തിൽ പങ്കാളികളാവുന്നുണ്ട്. വീടുകളിൽ പ്രതിരോധ നടപടികളിൽ വീഴ്ച സംഭവിക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഈ നടപടി.