
തിരുവനന്തപുരം: എക്‌സിറ്റ് പോളുകളും സർവേകളും ജനവികാരത്തിന്റെ പ്രതിഫലനമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു. പുറത്തുവന്നിട്ടുള്ള എക്‌സിറ്റ് പോൾ ഫലം യു.ഡി.എഫ് തള്ളിക്കളയുകയാണ്. ഇത്തരം കാര്യങ്ങളിൽ യു.ഡി.എഫിന് വിശ്വാസമില്ല. ഇതിനുമുമ്പും യു.ഡി.എഫിന് എതിരായിട്ടാണ് അഭിപ്രായ സർവേകളും എക്‌സിറ്റ് പോളുകളും വന്നിട്ടുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മുൻതൂക്കം ഉണ്ടാകുമെന്നാണ് എക്‌സിറ്റ് പോളുകളൊക്കെ പ്രവചിച്ചത്. ഫലം വന്നപ്പോൾ 20 ൽ 19 സീറ്റും നേടിയത് യു.ഡി.എഫാണ്.
യു.ഡി.എഫിന് പൂർണമായ ആത്മവിശ്വാസമുണ്ട്. യു.ഡി.എഫ് വമ്പിച്ച ഭൂരിപക്ഷം നേടും. അഴിമതിഭരണം അവസാനിപ്പിച്ച് എൽ.ഡി.എഫിനെ ജനങ്ങൾ തൂത്തെറിയും. പിണറായിയുടെ നേതൃത്വത്തിലുള്ള ഭരണം തിരിച്ചുവരണമെന്ന് കേരള ജനത ആഗ്രഹിക്കുന്നില്ല. അതിന്റെ പ്രതിഫലനമായിരിക്കും വോട്ടെണ്ണലിലൂടെ പുറത്തുവരാൻ പോകുന്നത്. കേരളത്തിൽ അധികാരത്തിൽ വരാൻപോകുന്നത് യു.ഡി.എഫ് സർക്കാരായിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.