തിരുവനന്തപുരം: ചില മണ്ഡലങ്ങളിൽ നേരിയ മാർജിനിൽ ഫലം യു.ഡി.എഫിന് അനുകൂലമല്ലാതെ വരികയാണെങ്കിൽ റീ കൗണ്ടിംഗിന് ചീഫ് ഇലക്‌ഷൻ ഏജന്റുമാർ അപേക്ഷ നൽകണമെന്ന് യു.ഡി.എഫ് ചെയർമാൻ രമേശ് ചെന്നിത്തലയുടെ സർക്കുലർ. യു.ഡി.എഫിന് പ്രതികൂലമായി എക്സിറ്റ് പോൾ ഫലങ്ങൾ വരുന്ന പശ്ചാത്തലത്തിലാണ് സർക്കുലർ. അവസാനനിമിഷംവരെ വിജയത്തിനായി എൽ.ഡി.എഫ് ശ്രമിക്കുമെന്ന സൂചനയും സർക്കുലറിലുണ്ട്. കൂടുതൽ ആത്മവിശ്വാസത്തോടെ കൗണ്ടിംഗ് ഏജന്റുമാർ പ്രവർത്തിക്കണം.യു.ഡി.എഫ് പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ ചില ചാനലുകൾ ബോധപൂർവം നടത്തിയ ശ്രമമാണ് എക്സിറ്റ് പോൾ ഫലങ്ങൾ. ഈ ചതിക്കുഴിയിൽ കൗണ്ടിംഗ് ഏജന്റുമാർ വീണുപോകരുത്. യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് വ്യക്തമായപ്പോൾ സി.പി.എം നടത്തുന്ന അവസാന അടവാണിത്. ഫലം പ്രഖ്യാപിക്കുംവരെ ഏജന്റുമാർ കൗണ്ടിംഗ് ഹാളിൽ ഉണ്ടാവണം. യു.ഡി.എഫിന് ലഭിക്കുന്ന പോസ്റ്റൽ വോട്ടുകൾ സ്വന്തം ചിഹ്നം ഒട്ടിച്ച ട്രേയിൽ തന്നെ നിക്ഷേപിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു.