തിരുവനന്തപുരം: കൊവിഡിന്റെ അതിശക്ത രണ്ടാം തരംഗത്തിനിടെ നാളെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്ന പശ്ചാത്തലത്തിൽ കർശനമായ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവർത്തകരും പൊതുജനങ്ങളും ഒരുപോലെ ശ്രദ്ധിക്കണം.
പ്രവർത്തകരും പൊതുജനങ്ങളും വീട്ടിലിരുന്ന് ഫലം അറിയണം. ഇതിന് തയ്യാറായില്ലെങ്കിൽ വരുന്ന ആഴ്ചകളിൽ മറ്റ് സംസ്ഥാനങ്ങളിൽ കാണുന്നതു പോലുള്ള ഗുരുതര സ്ഥിതിവിശേഷത്തിലേക്ക് കേരളമെത്തും.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ
മൂക്കും വായും മൂടുന്ന വിധത്തിൽ മാസ്‌ക് ധരിക്കണം
മാസ്‌കിൽ ഇടയ്ക്കിടെ സ്പർശിക്കരുത്. സംസാരിക്കുമ്പോൾ താഴ്ത്തരുത്
അണുവിമുക്തമാക്കാത്ത കൈകളാൽ കണ്ണ്, വായ്, മൂക്ക് എന്നിവിടങ്ങളിൽ സ്പർശിക്കരുത്
അടുത്തുള്ള ആളുമായി രണ്ടു മീറ്റർ അകലം പാലിക്കുക. കൂട്ടം കൂടി നിൽക്കരുത്
പൊതു ഇടങ്ങളിൽ സ്പർശിക്കേണ്ടിവന്നാൽ ഉടനടി കൈകൾ അണുവിമുക്തമാക്കണം
ശുചിമുറികൾ ഉപയോഗിച്ച ശേഷം കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കണം
ശുചിമുറികളിൽ കയറുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കണം
ഭക്ഷണ സാധനങ്ങൾ, കുടിവെള്ളം, പേന തുടങ്ങിയവ കൈമാറരുത്
ഉദ്യോഗസ്ഥരുടെ ശ്രദ്ധയ്ക്ക്
വോട്ടെണ്ണൽ കേന്ദ്രങ്ങൾ തലേദിവസം അണു വിമുക്തമാക്കണം
കൗണ്ടിംഗ് ടേബിളുകൾ സാമൂഹ്യ അകലം പാലിക്കത്തക്കവിധം സജ്ജമാക്കണം
കൗണ്ടിംഗ് ഓഫീസർമാർ കൈയുറ, ഡബിൾ മാസ്‌ക്, ഫേസ് ഷീൽഡ് ഉപയോഗിക്കണം
സ്ഥാനാർത്ഥിയും കൗണ്ടിംഗ് ഏജന്റുമാരും കൊവിഡ് മാനദണ്ഡം പാലിക്കുന്നെന്ന് ഉറപ്പാക്കണം
ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലെത്തി കുളിച്ചിട്ടേ കുടുംബാംഗങ്ങളുമായി ഇടപഴകാവൂ