n

തിരുവനന്തപുരം: ദേശസാത്കൃത, കേരള ബാങ്കുകൾക്കൊപ്പം പ്രാഥമിക സർവീസ് സഹകരണ സംഘങ്ങൾ / ബാങ്കുകൾ എന്നിവയുടെ പ്രവർത്തന സമയം ഉച്ചയ്‌ക്ക് രണ്ടു വരെയായി കുറച്ചു. ഇതുസംബന്ധിച്ചുള്ള സഹകരണ രജിസ്ട്രാറുടെ ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.
കൊവിഡ് വ്യാപനത്തെ തുടർന്ന് ബാങ്കുകളുടെ പ്രവർത്തനസമയം രണ്ടു വരെയാക്കിയിട്ടും സഹകരണ സംഘങ്ങൾ വൈകിട്ട് അഞ്ചു വരെ പ്രവർത്തിക്കുന്നത് സംബന്ധിച്ച് ഇന്നലെ 'കേരളകൗമുദി" വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

വാർത്ത ശ്രദ്ധയിൽപ്പെട്ട മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പ്രവർത്തനസമയം രണ്ടുമണി വരെയാക്കാൻ സഹകരണ രജിസ്ട്രാറോട് നിർദ്ദേശിച്ചത്.

പണമിണപാട് നടത്തുന്ന സഹകരണ സംഘങ്ങൾ / ബാങ്കുകൾ എന്നിവയുടെ സമയം ഉച്ചയ്‌ക്ക് രണ്ടു വരെയും ശനി, ഞായർ പ്രവൃത്തിദിനമായി വരുന്ന സംഘങ്ങൾ ആ ദിവസങ്ങളിൽ അവധി നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഇതുസംബന്ധിച്ച് വേണ്ട ക്രമീകരണങ്ങൾ ഭരണസമിതികൾ സ്വീകരിക്കണം.